കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ: മതമൈത്രി സംരക്ഷണ സമിതി സ്വാഗതസംഘം രൂപീകരിച്ചു

ആഗോള സർവമത തീർഥാടനകേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിലെ പ്രശസ്തമായ കന്നി 20 പെരുന്നാൾ നടത്തിപ്പിൽ പള്ളി മാനേജിങ് കമ്മിറ്റിക്കൊപ്പം കോതമംഗലം മതമൈത്രി സംരക്ഷണ സമിതി സഹകരിക്കും. ഇതിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു.

പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 335 മത് ഓർമപ്പെരുന്നാളാണ് സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ ആഘോഷിച്ചു വരുന്നത്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന പെരുന്നാളിന് ആഘോഷങ്ങൾ ഒഴിവാക്കും.

പെരുന്നാൾ നടത്തിപ്പിനും നിർധനരെ സഹായിക്കുന്നതിനുമായി കൂപ്പൺ വിറ്റ് പെരുന്നാൾ ഓഹരി കണ്ടെത്താനാണ് പള്ളി മാനേജിങ് കമ്മിറ്റി തീരുമാനം. പെരുന്നാൾ നടത്തുന്നതിന് പൊതുജനപങ്കാളിത്തത്തോടെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിക്കും. ഇതിൽ മതമൈത്രി സംരക്ഷണ സമിതി സഹകരിക്കും. എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണവും ഉറപ്പാക്കും.

നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് നാനാജാതി മതസ്ഥർ എത്തുമെന്നതിനാൽ കനത്ത ജാഗ്രതയോടെ വിശ്വാസികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് തീരുമാനം. വികാരി ഫാ.ജോസ് പരത്തു വയലിൽ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്, കൺവീനർ കെ.എ.നൗഷാദ്, ജനറൽ സെക്രട്ടറി അഡ്വ.രാജേഷ് രാജൻ, മുൻ എം.എൽ.എ. ടി.യു.കുരുവിള, പളളി ട്രസ്റ്റി ബിനോയി മണ്ണഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.

പെരുന്നാൾ ഓഹരി സമാഹരിക്കുന്നതിനായുള്ള കൂപ്പൺ വിതരണോത്ഘാടനം കോതമംഗലം എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി പി.എ.സോമന് കൂപ്പൺ നൽകി വികാരി ഫാ.ജോസ് പരത്തു വയലിൽ നിർവഹിച്ചു.