മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുക, എം എൽ എ സ്‌ഥാനം രാജിവയ്‌ക്കുക : എൽ ഡി എഫ്

പാലാരിവട്ടം മേൽപ്പാലത്തിന്റ നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപിതനായിരിക്കുന്ന, മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണം, അദ്ദേഹം എം എൽ എ സ്‌ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്‌  എൽ ഡി എഫ് ബുധനാഴ്ച കളമശ്ശേരിയിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. സൗത്ത് കളമശ്ശേരിയിൽ നടന്ന സമ്മേളനം  സി പി ഐ(എം) എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ ഉൽഘാടനം ചെയ്തു.
ഈ പ്രശ്‌നത്തിൽ, അടുത്ത 6 മാസത്തേക്ക് നിരന്തരമായ സമരങ്ങളാണ് എൽ ഡി എഫ്  പദ്ധതിയിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2016 ഒക്‌ടോബറിൽ ഉൽഘാടനം ചെയ്യപ്പെട്ട പാലം, 2018 ആയപ്പോഴേക്കും അടച്ചിടേണ്ട സ്‌ഥിതിയുണ്ടായി. പാലത്തിന്റെ ഡിസൈൻ ഘട്ടം മുതൽ അഴിമതിക്ക് അവസരമൊരുക്കിക്കൊണ്ടുള്ള കാര്യങ്ങളാണ് അതിൽ നടന്നിട്ടുള്ളത്. ഇബ്രാഹിം കുഞ്ഞിന്റെ തന്നെ കാലത്ത് നിർമ്മിച്ച ആലുവ മണപ്പുറത്തേക്കുള്ള പാലവും മാഞ്ഞാലി – മന്ദം റോഡും ഇപ്പോൾ അന്വേഷണത്തിന്റെ  ഘട്ടങ്ങളിലാണ്.
പ്രകടനം പ്രീമിയർ ടയെഴ്സ് കവലയിൽ നിന്നും ആരംഭിച്ചു.
സമ്മേളനത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ   എ എം യൂസഫ്, സിപിഐ ജില്ലാ കൗൺസിൽ അംഗം വി എം ശശി എന്നിവർ സംസാരിച്ചു.