അങ്കമാലിയിൽ ലൈഫ് പദ്ധതിയിൽ 12 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി ശനിയാഴ്ച്ച നിർവ്വഹിക്കും..

 

ലൈഫ് – പി എം എ വൈ ഭവനപദ്ധതിയുടെ ഭാഗമായി അങ്കമാലി നഗരസഭ 2017 -18 മുതൽ 2019 -20 വരെയുള്ള വാർഷികപദ്ധതികളിൽ ഉൾപ്പെടുത്തി 1 കോടി 27 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 12 വീടുകളുടെ താക്കോൽദാനം, മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 15 ന് നിർവ്വഹിക്കും.

അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ വൈകിട്ട് 5 നാണ് ചടങ്ങു് നടക്കുക. നഗരസഭ വാർഡ് 11 ൽ, മേനാച്ചേരി പാപ്പു -ഏലിയാ പാപ്പു ദമ്പതികൾ സൗജന്യമായി നൽകിയ സ്‌ഥലത്ത്‌ 7500 ച . അടി വിസ്‌തീർണത്തിൽ ഒരു ഭവനസമുച്ചയമാണ് പൂർത്തീകരിച്ചിട്ടുള്ളത്. 650 ച. അടി വിസ്‌തീർണമുള്ള 12 ഭവനങ്ങളാണ് 3 നിലകളിലായിട്ടുള്ളത്. ശാന്തിഭവനമെന്ന് പേര് നൽകിയിട്ടുള്ള ഈ ഭവനസമുച്ചയത്തിന്റെ താക്കോൽദാനവും, ലൈഫ് – പി എം എ വൈ ഭവന പദ്ധതിയിൽ, ജില്ലയിലെ 11, 501 ന്നാമതു് ഭവനത്തിന്റെ താക്കോൽദാനവുമാണ് മുഖ്യമന്ത്രി നിർവ്വഹിക്കുക.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, നഗരസഭാ ചെയർപേഴ്‌സൺ എം എ ഗ്രേസി ടീച്ചർ സ്വാഗതം ആശംസിക്കും.

ബെന്നി ബഹനാൻ എം പി, റോജി എം ജോൺ എം എൽ എ, സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ, ജില്ല കളക്ടർ എസ് സുഹാസ്, ആർ ജെ ഡി ആർ എസ് അനു, ലൈഫ് മിഷൻ ജില്ല കോഓർഡിനേറ്റർ ഏണസ്റ്റ്‌ തോമസ്, ബാംബു കോർപറേഷൻ ചെയർമാൻ കെ ജെ ജേക്കബ്, ടെൽക് ചെയർമാൻ എൻ സി മോഹനൻ, മുൻ മന്ത്രി ജോസ് തെറ്റയിൽ, നഗരസഭാ വൈസ് ചെയർമാൻ എം എസ് ഗിരീഷ് കുമാർ എന്നിവർ ആശംസകൾ നേരും. നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ റിപ്പോർട് അവതരിപ്പിക്കും. മുനിസിപ്പൽ എൻജിനീയർ എസ് ഷീല നന്ദി പ്രകാശിപ്പിക്കും.