2019 ലെ മലയാള ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ; വാസന്തി മികച്ച ചിത്രം, ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ

മികച്ച ചിത്രം വാസന്തി. റഹ്‌മാൻ സഹോദരങ്ങൾ എന്നറിയപ്പെടുന്ന ഷിനോസ്
റഹ്‌മാനും സജാസ് റഹ്‌മാനും ആണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. ജെല്ലിക്കെട്ട് എന്ന ചിത്രം സംവിധാനം ചെയ്‌ത ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ. സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, വികൃതി, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് അദ്ദേഹത്തിന് അവാർഡ് നേടിക്കൊടുത്തത്. നേരത്തേ മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള സുരാജിന് ഇതാദ്യമായാണ് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. മികച്ച നടി കനി കുസൃതിയാണ്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച സ്വഭാവ നടൻ ഫഹദ് ഫാസിൽ ആണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹം അവാർഡിന് അർഹനായത്. വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുള്ള അവാർഡ് നേടി. മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്ന ബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിനു അർഹരായി.

പ്രശസ്‌ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ചെയർമാനായ ജൂറിയാണ് അവാർഡുകൾ നിശ്ച്ചയിച്ചത്.

സംസ്‌ക്കാരികവകുപ്പു മന്ത്രി മന്ത്രി എ കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

119 ചലച്ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ 79 എണ്ണം നവാഗത പ്രതിഭകളുടേതാണ്.