കോതമംഗലം വടാട്ടുപാറയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഉപയോഗശൂന്യമായ സൗന്ദര്യവർദ്ധക വസ്തുക്കളും, മരുന്നുകളും കുഴിച്ചുമൂടാൻ ശ്രമം; ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രവർത്തിക്കെതിരെ നാട്ടുകാർ രംഗത്ത്

വടാട്ടുപാറ അരീക്കാ സിറ്റിയിൽ ജവഹർ റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് നൂറുകണക്കിന് ചാക്കുകളിലായി കോസ്മറ്റിക് – ഹെൽത്ത് ഡ്രിങ്സ് – ടാബ്ലെറ്റുകൾ കുഴിച്ചുമൂടാൻ ശ്രമം നടന്നത്. മീൻ കുളം നിർമിക്കുന്നതിന് കുഴിച്ച സ്ഥലത്താണ് വിലകൂടിയ മരുന്ന് കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ തള്ളിയിരിക്കുന്നത്.
ഓൺലൈൻ മാർക്കറ്റിംഗ് വഴി വിറ്റഴിക്കുന്ന വളരെ വിലകൂടിയ ഉൽപന്നങ്ങളാണ് ഇതിൽ മിക്കതും. കാലാവധി കഴിഞ്ഞതും കാലാവധി കഴിയാത്തതുമായ മരുന്ന് ഉൽപ്പന്നങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഹെൽത്ത് ഡ്രിങ്ക്സ്, ഷാമ്പൂ, സോപ്പ്, ഗുളികൾ, ഓയിലുകൾ, വിവിധതരം ക്രീമുകൾ, സ്പ്രേകൾ  തുടങ്ങിയവയുടെ വൻ ശേഖരമാണ് ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്.
പ്രദേശവാസിയായ ഒരാളുടെ അറിവോടെ നടന്ന മാലിന്യം തള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. കുട്ടമ്പുഴ എസ് ഐ ശശികുമാർ സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസുകൾ മലിനമാകാൻ സാധ്യത യുള്ള ഈ മരുന്ന് ഉൽപ്പന്നങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും  നാട്ടുകാർ  ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=u-3KaYYCOFY&feature=youtu.be