തൊഴിലുറപ്പ് പദ്ധതി ക്ഷീണിക്കരുത് …

തൊഴിലുറപ്പ്  പദ്ധതിയുടെ  ഗുണഭോക്താക്കൾ ആ  പദ്ധതിയനുസരിച്ച്‌  ജോലി ചെയ്യുന്നവർ മാത്രമല്ല,  സമൂഹം ആകെ അതിന്റെ നേട്ടങ്ങൾ  അനുഭവിക്കുന്നുണ്ട്. ഗ്രാമീണമേഖലയിലെ അനവധി ജോലികൾ, ഈ  പദ്ധതിപ്രകാരം നിർവ്വഹിക്കപ്പെടുന്നുണ്ട്. ജലസേചനകനാലുകളും  ജലസ്രോദസ്സുകളായ  കുളങ്ങളും കിണറുകളും   വൃത്തിയാക്കൽ, തരിശ്  കിടക്കുന്ന കൃഷിയിടങ്ങളിൽ  കൃഷിയിറക്കൽ, റോഡ് നിർമ്മാണം തുടങ്ങി  സമൂഹത്തിന്  പൊതുവിൽ പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങളാണ് ഈ  മേഖലയിൽ നടന്നുവരുന്നത്.

എന്നാൽ ഈ  വർഷം വേനലാരംഭത്തിനു  ശേഷം ജോലികൾ ആരംഭിച്ചപ്പോൾ,  ജോലിക്കാരുടെ എണ്ണത്തിൽ  ഗണ്യമായ കുറവാണ്  ഉണ്ടായിരിക്കുന്നത്. ചില സ്‌ഥലങ്ങളിൽ,  കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  എണ്ണം പകുതിയിലും വളരെ താഴെയാണ്. തന്മൂലം കനാലുകൾ വൃത്തിയാക്കുക പോലുള്ള ജോലികൾക്ക്  കാലതാമസം ഉണ്ടാവുകയും  കനാലുകളിൽ  വെള്ളമെത്താത്തതുകൊണ്ട്  വിവിധ തരം കൃഷികളെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു. നടപ്പ് വർഷത്തിൽ ഇതിനകം ചെയ്‌ത ജോലികളുടെ വേതനം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് ജോലിക്കു വരുന്നതിനുള്ള  താല്പര്യക്കുറവായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേന്ദ്രസർക്കാറിന്റെ പദ്ധതിയായതിനാൽ  കേന്ദ്രത്തിൽ നിന്നാണ് ഇതിനുള്ള പണം സംസ്‌ഥാനസർക്കാരിന്‌ ലഭിക്കേണ്ടത്. കുടിശ്ശിക എന്ന് ലഭിക്കുമെന്ന് നിശ്‌ചയവുമില്ല. പ്രായമായവർ  ഈ  ജോലികളിൽ നിന്ന് പിൻവാങ്ങുന്നതും  ജോലിക്കെത്തുന്നവരുടെ എണ്ണം കുറയുന്നതിന്  മറ്റൊരു കാരണമാണ്.

നമ്മുടെ ഗ്രാമീണമേഖലയിൽ, പ്രത്യേകിച്ചും കായികാധ്വാനം  ആവശ്യമായ ജോലികൾക്ക്  തൊഴിലുറപ്പ്  സംവിധാനം  വലിയൊരു  സംഭാവനയാണ് നൽകുന്നത്. അതുകൊണ്ട് ഇതിനെ നിലനിർത്തേണ്ടതും ഒരു പൊതു ആവശ്യമാണ്.