അഞ്ചാം പാതിരാ – മൂവി റിവ്യൂ

അരുൺ കുമാർ കെ വി

ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് മിഥുൻ മാനുവൽ എഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ഈ സിനിമയുടെ പേരിൽ തന്നെ ഒരു ക്യൂര്യോസിറ്റിയുണ്ട്. ആകാംഷയുടെ രസച്ചരട് പൊട്ടാതെ സിനിമയുടെ എല്ലാ മേഖലയും മികച്ച് നിന്നു എന്നതാണ് ആദ്യ പ്ലസ് പോയിന്റ്.

ഒരു ആസ്പയറിങ്ങ് ക്രിമിനോളജിസ്റ്റായ സൈക്കോളജിസ്റ്റാണ് അൻവർ ഹുസൈൻ. ക്രിമിനോളജിയിൽ PHD ചെയ്യുന്ന അദ്ദേഹം കേസുകളുടെ കാര്യത്തിൽ പോലീസിനെ സഹായിക്കുന്നുണ്ട്. കൂടുതൽ എക്സ്പീരിയൻസിനായി അൻവർ തന്റെ സുഹ്യുത്തായ ACP യോട് ഇനി വരുന്ന ക്രിമിനൽ കേസുകളിൽ അന്വേഷണ സംഘത്തോട് ഒപ്പം ചേർക്കണമെന്ന് അഭ്യർത്ഥിക്കുകയും അദ്ദേഹത്തിന്റെ അഭ്യർത്ഥന സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അധികം താമസമില്ലാതെ പോലീസ് ഓഫീസേഴ്സിനെ മാത്രം കൊല്ലുന്ന ഒരു സീരിയൽ കില്ലർ അൻവറിനും കേരളാ പോലീസ് ഫോഴ്സിനും ഉറക്കമില്ലാത്ത രാത്രികൾ നൽകി കൊണ്ട് പണി തുടങ്ങുന്നു. കില്ലർ ലൈവായിട്ട് ക്രിക്കറ്റ് കളി കാണുമ്പോൾ പോലീസ് ഒരാഴ്ച്ച കഴിഞ്ഞുള്ള റിപ്പീറ്റ് ടെലികാസ്റ്റ് കാണുന്ന അവസ്ഥയാണ് ഈ കേസിൽ. പോലീസുകാരെ തിരഞ്ഞ് പിടിച്ച് തട്ടികൊണ്ട് പോയി കണ്ണുകളും ഹൃദയവും ജീവനോടെ തുരന്നെടുത്ത് ഇന്നാ പിടിച്ചോ എന്ന് പറഞ്ഞ് ട്രെയ്സ് ചെയ്യാനാവാത്ത തെളിവുകൾ ഇട്ടു കൊടുത്ത് എന്റയർ പോലീസ് ഫോഴ്സിനെ കേശവൻ മാമനാക്കുന്ന സൈക്കോപാത്ത്. ഒരാളാണോ ഒരു കൂട്ടം ആളുകളാണോ എന്നൊന്നും അറിയാനാകാത്ത ഈ കേസ് എന്ത് എന്തിന് എങ്ങനെ എന്ന് ചുരുളഴിക്കുന്ന കഥയാണ് അഞ്ചാം പാതിര.

ഇങ്ങനെ സിമ്പിൾ ആയി പറയാം എങ്കിലും ഇതിലും സങ്കീർണ്ണമാണ് ഇതിന്റെ കഥയുടെ നാൾവഴികളും അതിന്റെ മേക്കിങ്ങും. സിനിമയുടെ തുടക്കത്തിൽ അൻവർ 14 കൊലപാതകങ്ങൾ നടത്തിയ ഒരു റിപ്പറിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാൾ പറയുന്നു “എനിക്ക് മാനസിക രോഗമൊന്നും ഇല്ല സാറെ കൊലപാതകമെന്നത് ഒരു മാനസികമായ ഉല്ലാസം മാത്രമാണ്, അത് നൽകുന്ന തൃപ്തിക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്”. അത് പറയുന്ന രീതിയും അവതരിപ്പിച്ചിരിക്കുന്ന രീതിയും പ്രേക്ഷകന് ചെറിയ ഉൾക്കിടിലം നൽകും, പിന്നീട് നടക്കുന്ന സംഭവങ്ങൾ ആ ഉൾക്കിടിലത്തെ ഉച്ചസ്ഥായിയിൽ എത്തിക്കുകയും ചെയ്യും. നമ്മളെയൊക്കെ പ്രൊട്ടക്റ്റ് ചെയ്യും എന്ന് കരുതുന്ന അത്യാധുനിക സംവിധാനങ്ങളുള്ള പോലീസിനെ തന്നെ ഇതിൽ ഇരകളാക്കിയിരിക്കുന്നത് എഴുത്തുകാരന്റെ ബ്രില്യൻസ് എന്ന് പറയാം. മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലറുകളിലൊന്ന് എന്ന് നിസംശയം പറയാവുന്ന സിനിമയാണ് അഞ്ചാം പാതിര. കുഞ്ചാക്കോ ബോബൻ 2020 ഹിറ്റോടുകൂടി തുടങ്ങിയിരിക്കുന്നു. മികച്ച പ്രകടനവുമായി ഒരു മികച്ച താരനിരയും സിനിമയിൽ ഉണ്ട്.

ഈ പറഞ്ഞതെല്ലാം പോസിറ്റീവുകളാണ്. ഇനി പറയുന്നത് എനിക്ക് തൃപ്തികരമായി തോന്നാത്ത ഒന്ന് രണ്ട് കാര്യങ്ങൾ ആണ്. നായകന് എപ്പോഴും തുമ്പിട്ട് കൊടുക്കുന്ന പ്രവണത ഈ സിനിമയിലും ഉണ്ട്, അതില്ലാതെ കഥ മുന്നോട്ട് പോകില്ല എങ്കിലും അതൊന്ന് മാറ്റി വ്യത്യസ്ഥമാക്കാമായിരുന്നു. കഥയിൽ പറഞ്ഞ് പോകുന്ന ചില ചുരുൾ അഴിയലുകൾ തീരെ വിശ്വസനീയമല്ല, ജയിലിലെ തീ പിടുത്തം പോലുള്ളവ. അത്രയുമേ ഉള്ളൂ, വേറെ ഒന്ന് കൂടിയുണ്ട്, അതൊരു ക്ലീഷേയാണ്. മലയാള സിനിമയിൽ സൈക്കോപാത്ത് എപ്പോഴും റീസണിങ്ങിന് വിധേയമാണ് എന്നതാണ് ആ ക്ലീഷേ…

മിഥുൻ മാനുവൽ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ, കൈയ്യടികൾ ആശംസകൾ അഭിനന്ദനങ്ങൾ. ഷൈജു ഖാലിദിന്റെ കിടിലൻ ഛായാഗ്രഹണം സുഷിൻ ശ്യാമിന്റെ ഉഗ്രൻ BGM. അനാവിശ്യ പാട്ടില്ല ഫൈറ്റില്ല എല്ലാം കൃത്യം. ആകെ മൊത്തത്തിൽ ഈ ജോണറിൽ മലയാളത്തിൽ ഇറങ്ങിയിരിക്കുന്ന മികച്ച ചിത്രങ്ങളിൽ ഒന്നാണ് അഞ്ചാം പാതിര. ധൈര്യമായി കാണാം, കാണുവാൻ സജസ്റ്റ് ചെയ്യുന്നു.