‘തിമിംഗലത്തിന്റെ കണ്ണിൽ നിന്നും ഞങ്ങളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു’; മുരളി തുമ്മാരുകുടി

കണ്ടാൽ ഒരു ലുക്ക് ഇല്ല എന്നേ ഉള്ളൂ…

ബ്രൂണെയിൽ വച്ച് കരയിലടിഞ്ഞ തിമിംഗലത്തെ തള്ളി കടലിൽ എത്തിച്ചിട്ടുണ്ട് എന്ന് ഞാൻ.

“ഓ, ധാരാവി, ധാരാവി” ഇതിലും വലിയ തള്ളുകൾ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്ന് ചിലർ..

തെളിവുണ്ടോ എന്ന് വേറെ ചിലർ.

ദാ, തെളിവുണ്ട്, കണ്ടോളൂ.

ഇരുപത്തി അഞ്ചു കൊല്ലം മുമ്പുള്ള എന്നെ കാണാനുള്ള ചാൻസും കൂടിയാണ്..

“ഓ, ഇതാണോ തിമിംഗലം” എന്നൊക്കെ ചോദിക്കാൻ വരട്ടെ. കണ്ടാൽ അത്ര ലുക്ക് ഇല്ല എന്നേ ഉള്ളൂ, ജാതി തിമിംഗലം തന്നെയാണ്.

ഈ കഥക്ക് ശുഭാന്ത്യം അല്ല ഉണ്ടായത്.

പല പ്രാവശ്യം കടലിലേക്ക് തള്ളി വിട്ടെങ്കിലും അത് വീണ്ടും കരക്കടിഞ്ഞു. മരിക്കാറാവുമ്പോൾ ആണ് തിമിംഗലം കരയിലേക്ക് വരുന്നതെന്നും കടലിൽ ഉപയോഗിക്കുന്ന നാവിഗേഷൻ തെറ്റുമ്പോൾ ആണ് കരയിൽ എത്തുന്നതെന്നും ഒക്കെ പല സിദ്ധാന്തങ്ങൾ ഉണ്ട്. എന്താണെങ്കിലും ഒരു രാത്രി മുഴുവൻ ഞങ്ങൾ ഈ തിമിംഗലത്തിന് കൂട്ടിരുന്നു. അവസാനം അത് മരിച്ചു പോയി, തിമിംഗലത്തിൻ്റെ കണ്ണിൽ നിന്നും ഞങ്ങളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു.

ഈ തിമിംഗലത്തിൻ്റെ അസ്ഥികൂടം ബ്രൂണെയ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നൽകിയിരുന്നു. ഇപ്പോൾ അവിടെ ഉണ്ടോ എന്തോ.

മുരളി തുമ്മാരുകുടി