ബ്രിട്ടനിൽ നിന്നെത്തിയ 6 യാത്രക്കാരിൽ കൊറോണയുടെ പുതിയ വകഭേദത്തെ കണ്ടെത്തി

ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ 6 യാത്രക്കാരിൽ ബ്രിട്ടനിൽ പുതുതായി കണ്ടെത്തിയ കൊ റോണവൈറസ്സിന്റെ പുതിയ വകഭേദം ബാധിച്ചിട്ടുള്ളതായി കണ്ടെത്തി. ഇതിൽ മൂന്ന് കേസുകൾ ബംഗളുരുവിലെ ലാബിലും രണ്ടെണ്ണം ഹൈദരാബാദിലും ഒരെണ്ണം പുനെയിലുമാണ് കണ്ടെത്തിയത്. ഈ യാത്രക്കാരെയെല്ലാം അതതു സംസ്‌ഥാനങ്ങളിലെ പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളിൽ ഓരോരുത്തർ വീതമായി പാർപ്പിച്ചിരിക്കുകയാണ്. ഇവരുമായി അടുത്ത സമ്പർക്കത്തിൽ വന്നവരേയും ക്വാറന്റൈനിൽ ആക്കിയിട്ടുണ്ട്.

ഈ യാത്രക്കാരോടൊപ്പം സഞ്ചരിച്ചവരേയും ഇവരുമായി സമ്പർക്കത്തിൽ വന്നവരേയും കണ്ടെത്താനുള്ള പരിശ്രമങ്ങൾ നടന്നുവരികയാണ്.

നവംബർ 25 നും ഡിസംബർ 23 നും ഇടയിൽ 33000 യാത്രക്കാരാണ് യു കെ യിൽ നിന്നും ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ എത്തിയത്. അതിൽ 144 പേർക്ക് കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തി. പോസിറ്റീവ് ആയി കണ്ടെത്തിയ ഈ സാമ്പിളുകൾ കൊറോണവൈറസ്സിന്റെ പുതിയ വകഭേദത്തെ കണ്ടെത്തുവാൻ സംവിധാനങ്ങളുള്ള 10 ലാബുകളിലേക്കായി അയച്ചിരിക്കുകയാണ്.

സാഹചര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംസ്‌ഥാനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.

ഡെൻമാർക്ക്, നെതെർലൻഡ്‌സ്, ആസ്‌ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിസ്റ്റ്സർലൻഡ്, ജർമ്മനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ ഇനീ രാജ്യങ്ങളിൽ ഇതിനകം കൊറോണവൈറസ്സിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.