ബ്രിട്ടനിലെ പുതിയ കൊറോണാവ്യാപനം : യു കെ യിൽ നിന്നുള്ള വിമാനസർവീസുകൾ ഡിസംബർ 31 വരെ നിർത്തിവച്ചു

ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബ്രിട്ടനിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആ രാജ്യത്തുനിന്നുള്ള വിമാനസർവീസുകൾ ഇന്ത്യ ഡിസംബർ 31 വരെ നിർത്തിവച്ചു. ഈ നിയന്ത്രണം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അതുവരെ ബ്രിട്ടനിൽ നിന്നെത്തുന്ന യാത്രക്കാർ വിമാനത്താ
വളങ്ങളിൽ പരിശോധനയ്‌ക്ക്‌ വിധേയരാകേണ്ടിവരും. പുതിയ വൈറസ് കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ളതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയതോടെയാണ് ലോകം കൂടുതല്‍ ജാഗ്രതയിലായത്. നിലവിലുള്ള വൈറസ്സിനെക്കാൾ 70 ശതമാനം കൂടുതൽ വ്യാപനശേഷി പുതിയ വകഭേദത്തിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌ഥിതി നിയന്ത്രണാതീതമാണെന്നും അതീവഗുരുതരമാണെന്നും ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാൻകോക്കും പറഞ്ഞു.
ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, നെതല്‍ലാന്‍ഡ്‌സ്, കാനഡ, സൗദി അറേബ്യ, കുവൈത്ത്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കുകളേർപ്പെടുത്തിയിരിക്കുകയാണ്

പുതിയ വൈറസ് നിലവിലുള്ളതിനേക്കാൾ അപായകാരിയാണോ എന്ന് വ്യക്‌തമായിട്ടില്ല. അതുപോലെ കോവിഡിനെതിരായി തയ്യാറായിക്കൊണ്ടിരിക്കുന്ന വാക്‌സിനുകൾ ജനിതകമാറ്റം സംഭവിച്ച ഇനത്തിനും ഫലിക്കുന്നതാണോയെന്നും അറിയാനിരിക്കുന്നതേയുള്ളൂ. എന്നാൽ യൂറോപ്യൻ യൂണിയൻ വിദഗ്‌ധർ പറയുന്നത് നിലവിലുള്ള വാക്‌സിനുകൾ പുതിയ വകഭേദത്തിനും ഫലപ്രദമായിരിക്കും എന്നാണ്.

കോവിഡ് പ്രതിരോധത്തിലുണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഗവൺമെൻറ്‌ പൂർണ്ണ ജാഗ്രതയിലാണെന്നും പരിഭ്രാന്തിയ്ക്ക് കാരണമില്ലെന്നും കേന്ദ്ര ആരോഗ്യകാര്യമന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു.