ഉമ്മൻ ചാണ്ടി : നിയമസഭയിൽ തുടർച്ചയായ 50 വർഷം

സെപ്റ്റംബർ 17 ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. ഇക്കാലയളവിൽ 1970 മുതൽ 2016 വരെ നടന്ന 11 നിയമസഭാതെരഞ്ഞെടുപ്പുകളിൽ അദ്ദേഹം തുടർച്ചയായി വിജയിച്ചു. സ്വന്തം നാടായ പുതുപ്പള്ളിയായിരുന്നു ഈ 11 തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ മണ്ഡലം. ഈ ബഹുമതികളിൽ ഉമ്മൻ ചാണ്ടിയ്ക്ക് മുന്നിൽ നിൽക്കുന്ന ഒരേ ഒരാൾ കേരള കോൺഗ്രസ്സ് നേതാവ് കെ എം മാണി മാത്രമായിരിക്കും. മാണി 1965 മുതൽ 2016 വരെ 12 തെരഞ്ഞെടുപ്പുകളിൽ പാലായിൽ നിന്ന് തുടർച്ചയായി വിജയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ധനകാര്യമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലുണ്ടെങ്കിലും മുഖ്യമന്ത്രിയാകാൻ മാണിയ്ക്ക് അവസരം ലഭിച്ചില്ല.

50 വർഷം നിയമസഭാംഗമായിരിക്കവെ 2004 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്‌ഥാനവും വഹിച്ചു. 2006 മുതൽ 2011 വരെ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 2004 ൽ അപ്പോഴത്തെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് എ കെ ആൻ്റണി മുഖ്യമന്ത്രി സ്‌ഥാനം രാജി വച്ചതിനെത്തുടർന്നാണ് ഉമ്മൻ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായത്. 2011 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തിയതിനെത്തുടർന്നാണ് രണ്ടാം വട്ടം അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്‌. 2016 ലെ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി പരാജയപ്പെട്ടു. എന്നാൽ പ്രതിപക്ഷനേതൃസ്‌ഥാനത്തേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത് രമേശ് ചെന്നിത്തലയാണ്. അതുകൊണ്ട് നിലവിലുള്ള നിയമസഭയിൽ അദ്ദേഹം സാധാരണ അംഗമായി തുടരുന്നു.

ഉമ്മൻ ചാണ്ടി ആദ്യമായി മന്ത്രിയാകുന്നത് 1977 ൽ കെ കരുണാകരൻ മന്ത്രിസഭയിലാണ്. തൊഴിൽ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്‌തത്‌. തുടർന്നുവന്ന എ കെ ആൻ്റണി മന്തിസഭയിലും അദ്ദേഹത്തിനുതന്നെയായിരുന്നു തൊഴിൽ വകുപ്പ്. കെ കരുണാകരന്റെ രണ്ടാം മന്ത്രിസഭയിൽ 1981 -82 കാലത്ത് അദ്ദേഹം ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചു. പിന്നീട് വന്ന കരുണാകരൻ മന്ത്രിസഭയിൽ 1991 മുതൽ 1994 വരെ ധനകാര്യമന്ത്രിയായിരുന്നു.

1943 ഒക്‌ടോബർ 31 ന് കുമരകത്ത് ജനിച്ച ഉമ്മൻ ചാണ്ടി കേരള വിദ്യാർത്ഥി യൂണിയനിലൂടെയാണ് (കെ എസ് യു) പൊതുരംഗത്തെത്തുന്നത്. പുതുപ്പളളി സെന്റ് ജോർജ് ഹൈസ്കൂളിൽ കെ എസ് യു വിന്റെ യൂണിറ്റ് പ്രസിഡണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. 1969 -70 കാലത്ത് കെ എസ് യു വിന്റെ സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനത്തെത്തി. 1970 ൽ യൂത്ത് കോൺഗ്രസ്സിന്റെ സംസ്‌ഥാന പ്രസിഡണ്ടായി.

നിലവിൽ ഉമ്മൻ ചാണ്ടി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാണ്.