അങ്കമാലി കരിയാട് വളവിൽ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

അങ്കമാലി ആലുവ ദേശീയപാതയിൽ കരിയാട് വളവിൽ നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ ഗുരുതരാവസ്ഥയിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ചിയ്യാരം പാലപെട്ടി രാധാകൃഷ്ണൻ മകൻ അനന്ദു ( 23) ആണ് മരണമടഞ്ഞത്. അനുജൻ പി. ആദർശിന് ഗുരുതരമായ പരിക്കേറ്റു.

പുലർച്ചെ 4.20 ഓടെ ബൈക്ക് മറിഞ്ഞാണ് അപകടം നടന്നത്. തൃശൂരിൽ നിന്ന് എറണാകുളത്തെ അമ്മ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കരിയാടിൽ വച്ച് അപകടം നടന്നത്. വാഹനം റോഡിൽ നിന്ന് തെന്നി മറിഞ്ഞ് അടുത്തുള്ള പറമ്പിലേക്ക് വീണാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ് അങ്കമാലിയിൽ നിന്ന് ഫയർഫോഴ്സ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അനന്ദുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

അങ്കമാലി ഫയർഫോഴ്‌സ് സീനിയർ ഫയർ & റെസ്ക്യു ഓഫീസർ പി.വി പൗലോസിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചതിനു ശേഷം കോവിഡ് പരിശോധന നടത്തി അങ്കമാലി താലൂക്ക് ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പോസ്റ്റുമാർട്ടം നടത്തിയതിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ് വിജു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചിയ്യാരം വടുക്കര എസ് എൻ ഡി പി ശ്മശാനത്തിൽ നടത്തി.