ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു, കരുതിയിരിക്കുക : പൊലീസ്

“ഓൺലൈൻ വഴി ഞങ്ങളുടെ ഉൽപ്പന്നം വാങ്ങിയതിന് നന്ദി.
നിങ്ങൾക്ക് സമ്മാനമായി ഒരു ബൈക്ക് ലഭിച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ”
ഇങ്ങനെ തുടങ്ങുന്ന ഒരു മെസേജ് നിങ്ങൾക്ക് വന്നാൽ ശ്രദ്ധിച്ച്‌
കൈകാര്യം ചെയ്തില്ലെങ്കിൽ അക്കൗണ്ടിലുള്ള തുക മുഴുവൻ
നഷ്ടപ്പെട്ടേക്കാമെന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ്
ഓർമിപ്പിക്കുന്നു. തട്ടിപ്പിൻറെ പുതിയ മുഖമാണിത്.

പേരുകേട്ട ഓൺലൈൻ പർച്ചേസ് സ്ഥാപനങ്ങളുടെ പേരിലാണ് ഇത്തരം മെസേജ് വരുന്നത്. ഈ സ്ഥാപനങ്ങളിൽ നിന്ന് മുമ്പ് എന്തെങ്കിലും ഓൺലൈനായി നിങ്ങൾ
വാങ്ങിയിട്ടുണ്ടാകും. പിന്നെ സംശയിക്കാനൊന്നുമില്ലല്ലോ. അവർ
സമ്മാനമായി തരുന്നത് കാർ, ബൈക്ക്, ഗൃഹോപകരണങ്ങൾ
അങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വസ്തുക്കളാണ്. അവരെ ബന്ധപ്പെടാൻ ഒരു
ഫോൺ നമ്പർ അല്ലെങ്കിൽ ഇ മെയിൽ ഐഡി കൊടുത്തിട്ടുണ്ടാകും. ഇനി
അങ്ങോട്ട് വിളിക്കാൻ വൈകിയാൽ അഭിനന്ദനം അറിയിച്ച് അവർ
വീണ്ടും വിളിക്കും.

അവരുടെ വലയിൽ വീണാൽ അക്കൗണ്ട് നമ്പറും,  പാസ് വേഡും, മൊബൈലിൽ വന്ന ഒ.ടി.പി നമ്പറും കൈമാറുകയാണ്  അടുത്ത നടപടി. കൂടാതെ കാറും ബൈക്കും ലഭിക്കുന്നതിന് ടാക്സ് അടക്കാൻ തുക, മറ്റ് ഉൽപ്പന്നങ്ങൾ കൈമാറാൻ ജി.എസ്.ടി തുക അങ്ങിനെ അവരുടെ മോഹവലയത്തിൽ കുടുങ്ങി പണം പോയവരുടെ നിരവധി പരാധികൾ റൂറൽ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ
പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. യഥാർത്ഥ
കമ്പനികളുടെ വ്യാജ ലോഗോയും അനുബന്ധ വിവരങ്ങളും
ഉപയോഗിച്ചാണ് ഈ തട്ടിപ്പ് . പലപ്പോഴും ഫോൺ വിളിക്കുന്ന രണ്ടു
പേർ മാത്രമറിഞ്ഞുള്ള ഇടപാടാണെന്നതിനാൽ പണം പോയതിന്
ശേഷമാകും പുറം ലോകം അറിയുക. പരാതിയുമായി
എത്തുമ്പോഴേക്കും തട്ടിപ്പുകാർ അവരുടെ മൊബൈൽ അക്കൗണ്ട്
നമ്പറുകൾ മാറ്റിയിട്ടുണ്ടാകും.

ഛണ്ഡീഗഡ്, ബീഹാർ, വെസ്റ്റ് ബംഗാൾ അതിർത്തി തുടങ്ങിയിടത്തു നിന്നുമാണ് ഇത്തരം തട്ടിപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. ഇവർക്ക് പ്രത്യേകം ഓഫീസുകൾ ഒന്നുമില്ല. ഒരു മൊബൈലും ലാപ്പ്ടോപ്പും മാത്രമായിരിക്കും ഇത്തരക്കാരുടെ
മുടക്കുമുതൽ. അതു കൊണ്ടു തന്നെ ഇവരെ കണ്ട് പിടിക്കുക
എളുപ്പവുമല്ല. ഇത്തരം സ്ഥാപനങ്ങളുടെ പേരിൽ സ്ക്രാച്ച് ആൻറ് വിൻ
കാർഡ് അയച്ചു നൽകി തട്ടിപ്പു നടത്തുന്നവരുമുണ്ട്. ചുരണ്ടി നോക്കി
അതിൽ രേഖപ്പെടുത്തിയ സമ്മാനം വിളിച്ചറിയിക്കുക. കാർഡുകളിൽ
വമ്പൻ സമ്മാനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് കരസ്ഥമാക്കാൻ
പണം നഷ്ടപ്പെടുത്തുന്നവരും നിരവധിയാണ്.

ഈ കോവിഡ് കാലത്ത് രണ്ട് ശതമാനം മുതൽ പലിശനിരക്കിൽ ലോൺ തരാമെന്ന് പറഞ്ഞ് ഓൺലൈൻ വഴി തട്ടിപ്പു നടത്തുന്ന സംഘത്തിൻറെ കെണിയിൽപ്പെട്ട്
പതിനായിരക്കണക്കിന് രൂപ നഷ്ടപ്പെട്ടവരുടെ പരാതിയും ലഭിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.പി. പറഞ്ഞു.