നവംബർ 1 മുതൽ പാചകവാതക സിലിണ്ടർ വീട്ടിൽ നൽകുമ്പോൾ പാസ്സ്‌വേർഡ്‌ കാണിയ്ക്കണം

നവംബർ 1 മുതൽ, ബുക്ക് ചെയ്‌ത പാചകവാത സിലിണ്ടർ വിതരണത്തിനായി വീട്ടിൽ കൊണ്ടുവരുമ്പോൾ ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) കാണിച്ചാൽ മാത്രമേ സിലിണ്ടർ ലഭിക്കുകയുള്ളൂ. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ കോഡ് ലഭിക്കും. പാചകവാതക ഗുണഭോക്താവ് ഗ്യാസ് കണക്ഷനായി രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്കാണ് ഈ കോഡ് എസ്.എം.എസ് ആയി വരുന്നത്.

പാചകവാതകം ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഇതിനായി ഉപഭോക്താവിന്‍റെ മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ്.

പ്രാരംഭ ഘട്ടമെന്ന നിലയില്‍ രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. രാജസ്ഥാനിലെ ജയ്‌പൂരിൽ പൈലറ്റ് പ്രൊജക്ടായി ഈ സംവിധാനം ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

പുതിയ സംവിധാനത്തിലൂടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനാകുമെന്നും, യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാനാകുമെന്നും എണ്ണക്കമ്പനികള്‍ പറയുന്നു. ഇതുവരെ ബുക്ക് ചെയ്‌ത സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോൾ പണം കൊടുത്തു കൈപ്പറ്റാമായിരുന്നു.

എന്നാൽ കമേഴ്സ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമായിരിക്കില്ല.