മഹാരാഷ്ട്രയിൽ, മധ്യപ്രദേശിൽ നിന്നുള്ള 16 തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു

മഹാരാഷ്ട്രയിലെ ഔരംഗാബാദിൽ മധ്യപ്രദേശിൽ നിന്നുള്ള 16 തൊഴിലാളികൾ ട്രാക്കിൽ ഉറങ്ങിക്കിടക്കവേ ഗുഡ്‌സ് ട്രെയിൻ കയറി മരിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ട്രെയിനിൽ കയറുന്നതിനുവേണ്ടി ജൽനയിൽ നിന്നും നൂറ്റമ്പത് കിലോമീറ്റർ അകലെയുള്ള ബുസാവലിലേക്ക് കാൽനടയായുള്ള യാത്രയ്‌ക്കിടെ ട്രാക്കിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടം ഉണ്ടായത്. പതിനാല് പേർ സംഭവസ്‌ഥലത്തും രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്. ഇരുപത് പേരുണ്ടായിരുന്ന സംഘം ഏതാണ്ട് നാൽപ്പത്തഞ്ചു് കിലോമീറ്ററോളം നടന്നശേഷം വിശ്രമത്തിനുവേണ്ടി ട്രാക്കിൽ ഉറങ്ങുമ്പോഴാണ് വെളുപ്പിന് 5.15 ന് അപകടമുണ്ടായത്. ഡ്രൈവർ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ട്രാക്കിൽ കിടക്കുന്നവരെ മുട്ടുന്നതിനുമുമ്പ് അതിന് സാധിച്ചില്ലെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. അപകടത്തെപ്പറ്റി റെയിൽവേ സുരക്ഷ കമ്മീഷണർ അന്വേഷണം നടത്തുന്നതാണ്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം അറിയിച്ചു. ഇതര സംസ്‌ഥാനത്തൊഴിലാളികൾ അപകടകരമായ യാത്രകൾക്ക് തയ്യാറാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു. കൂടുതൽ ട്രെയിനുകൾ അനുവദിക്കുവാൻ കേന്ദ്രഗവൺമെന്റുമായി  സാരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് സർക്കാരുകൾ അപകടത്തിൽ പെട്ടവർക്ക് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.