വികസനം മുടക്കാൻ വരുന്ന കോൺഗ്രസിനെതിരെ കട്ടക്കലിപ്പിൽ കിഴക്കമ്പലത്തെ ജനങ്ങൾ…

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി യുടെ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന റോഡുകളുടെ അരികിലും, നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ബസ് സ്റ്റാന്റിന്റെ തൂണുകളിലും ഇന്ന് ഫ്ളക്സുകളും കൊടികളും കൊണ്ട് നിറച്ചിരിക്കുകയാണ് ഇവിടുത്തെ കോൺഗ്രസുകാർ.
പക്ഷെ ഈ രാഷ്ട്രീയക്കാരോട് ജനങ്ങൾ പറയുന്നത് ഇങ്ങനെയാണ് – “നിങ്ങൾ ഫ്ളെക്സുകളും കൊടികളും കെട്ടി തല്ക്കാലം സായൂജ്യമടഞ്ഞോളൂ, പക്ഷേ നിർമ്മാണം മുടക്കാനായി സിന്ദാബാദും വിളിച്ചോണ്ടു വന്നാൽ ഞങ്ങൾ നിങ്ങളെ പഞ്ഞിക്കിടും. പറഞ്ഞില്ലെന്നു വേണ്ട.” കിഴക്കമ്പലത്തെ കോൺഗ്രസുകാരോട് അത്രയധികം കലിപ്പിലാണ് ഇവിടുത്തെ ജനങ്ങൾ.

കിഴക്കമ്പലത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെ ശക്തമായ ജനവികാരമാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നും ഉയർന്നു വരുന്നത്. പഞ്ചായത്തിലെ 84 റോഡുകൾ BMBC ടാറിങ്ങ് നടത്താൻ പഞ്ചായത്ത് ഭരണസമിതി ട്വന്റി ട്വന്റി സംഘടനയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ സമ്മതിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച് അറിയിക്കുകയായിരുന്നു.

ട്വൻറി ട്വന്റി നിർമ്മാണം പൂർത്തീകരിച്ച ഒരു റോഡിനു പോലും എന്തെങ്കിലും കുഴപ്പങ്ങൾ കണ്ടു പിടിക്കാൻ കഴിയാത്ത ഇവർ ഇപ്പോൾ മറ്റു
മുടന്തൻ ന്യായങ്ങളുമായാണ് നിർമ്മാണം തടസപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഇതോടെ ജനങ്ങളുടെ അഭിപ്രായമറിയാൻ ഓരോ വാർഡിലും ചേർന്ന യോഗങ്ങളിൽ രൂക്ഷമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ഉണ്ടായത്. ടാറിങ് നടത്തുവാൻ വരുന്ന ട്വന്റി ട്വന്റി യുടെ കോൺട്രാക്ടറും തൊഴിലാളികളും തങ്ങളുടെ സംരക്ഷണത്തിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും ഒരു രാഷ്ട്രീയക്കാരെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തേക്ക് തടസവുമായി വരാൻ അനുവദിക്കില്ലെന്നുമാണ് ഓരോ പ്രദേശത്തെയും ജനങ്ങൾ ട്വൻറി ട്വൻറി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

അതു കൊണ്ടു തന്നെ രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ വകവയ്ക്കാതെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് ട്വൻറി ട്വന്റിയും പറയുന്നു.
കോൺഗ്രസിലെ ഒരു വിഭാഗം പ്രവർത്തകരും വികസനത്തിനെതിരെ നിൽക്കുന്ന ഇവിടുത്തെ പ്രാദേശിക നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ച് ട്വൻറി ട്വൻറിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നാണറിയുന്നത്.