പെരുമ്പാവൂർ വെടിവയ്‌പ്പ്‌ കേസ് – ഒരാൾകൂടി പിടിയിൽ

പെരുമ്പാവൂർ വെടിവയ്‌പ്പ്‌ കേസിലെ ആറാം പ്രതി വേങ്ങൂർ
മുടക്കുഴ മറ്റപ്പാടൻ വീട്ടിൽ ലിയോ(25) യെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ നേരിട്ടു പങ്കെടുക്കുകയും ആദിൽ എന്ന യുവാവിനെ
വടിവാളുകൊണ്ട് വെട്ടുകയും ചെയ്ത ആളാണ് ലിയോ.

വ്യക്തിപരമായ പ്രശ്നം പറഞ്ഞു തീർക്കുന്നതിന് ഒന്നാം പ്രതിയായ
നാസറിൻറെ നേതൃത്വത്തിൽ ആദിലിനെ പാലക്കാട്ടു താഴത്തേക്ക്
വിളിച്ചു വരുത്തി. തുടർന്നുണ്ടായ സംസാരം സംഘർഷത്തിൽ കലാശിക്കുകയും ആദിലിനെ വാഹനമിടിച്ചു വീഴ്ത്തി വടിവാളുകൊണ്ട് വെട്ടുകയും നെഞ്ചത്തേക്ക്
നിറയൊഴിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ്
ചെയ്തിരുന്നു. തോക്കും കണ്ടെടുത്തു.

ലിയോ സംഭവ ശേഷം ബാംഗ്ലുരിലേക്ക് മുങ്ങി. കഴിഞ്ഞ ദിവസം രഹസ്യമായി
നാട്ടിലെത്തിയപ്പോൾ പുല്ലുവഴിയിൽ നിന്നുമാണ് പിടികൂടിയത്. ജില്ലാ
പൊലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിലാണ് അന്വേഷണം
നടക്കുന്നത്. വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ
പ്രതിയാണ് ഇയാൾ. ലിയോക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി
സ്വീകരിക്കുമെന്ന് എസ്.പി.കെ.കാർത്തിക് പറഞ്ഞു. പെരുമ്പാവൂർ
ഡി.വൈ.എസ്.പി കെ.ബിജുമോൻ, അയ്യമ്പുഴ ഇൻസ്പെക്ടർ ബേസിൽ
തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കോടതിയിൽ
ഹാജരാക്കിയെ പ്രതിയെ റിമാൻറ് ചെയ്തു.