20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു

ലോക്ക് ഡൗണിന്റെ നാലാം ഘട്ടം തീർത്തും വ്യത്യസ്‌തമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. നാലാം ഘട്ടത്തെ സംബന്ധിച്ച വിവരങ്ങൾ മെയ് 18 ന് മുൻപ് അറിയിക്കും. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത് ജി ഡി പി യുടെ 10 ശതമാനത്തോളം വരും. ഇത് എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടായിരിക്കും. ധീരമായ പരിഷ്‌ക്കരണ നടപടികളാണ് വരാൻ പോകുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. വിശദവിവരങ്ങൾ നാളെ ധനകാര്യമന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഇന്ത്യ സ്വയം പര്യാപ്‌തമാകണമെന്നതിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഊന്നൽ. ഇനിയങ്ങോട്ട് നമ്മുടെ വികസനമന്ത്രം അതായിരിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. കൊറോണവൈറസ് ലോകത്തെ തകർത്തു. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ കൊറോണവൈറസ്സിനെ അനുവദിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.