കോവിഡിനെതിരെ അതീവജാഗ്രത തുടരണം : പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് രാജ്യത്തിന് നൽകിയ ടെലിവിഷൻ സന്ദേശത്തിൽ കോവിഡിനെതിരായ ജാഗ്രത അല്‌പം പോലും കുറയ്‌ക്കരുതെന്ന് ആവശ്യപ്പെട്ടു. ജനത കർഫ്യു മുതൽ രാജ്യം കോവിഡിനെതിരായ പോരാട്ടത്തിലാണ്. നമ്മുടെ ഡോക്‌ടർമാരും നഴ്‌സുമാരും മറ്റു ആരോഗ്യപ്രവർത്തകരും അർപ്പണബോധത്തോടെ കഠിനാധ്വാനം ചെയ്യുന്നു. 90 ലക്ഷം കിടക്കകൾ നമ്മൾ സജ്ജമാക്കിയിട്ടുണ്ട്. പല വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ കോവിഡ് മരണനിരക്ക് കുറവാണ്. ലോക് ഡൗൺ നിലവിലില്ലെങ്കിലും വൈറസ് ഇപ്പോഴും നമ്മുടെയിടയിൽ ഉണ്ട്.

പക്ഷേ പലരും വേണ്ടത്ര കരുതലില്ലാതെ പെരുമാറുന്നു. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നവർ അവർക്കും മറ്റുള്ളവർക്കും ആപത്ത് വരുത്തിവയ്‌ക്കുന്നു. അമിത ആത്‌മവിശ്വാസം അപകടം വരുത്തിവയ്‌ക്കും. വാക്‌സിൻ വരുന്നതുവരെ നമ്മൾ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സാമ്പത്തിക രംഗവും പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വരാൻ പോകുന്ന ഉത്സവകാലത്ത് എല്ലാവരും ജാഗരൂകരായി പെരുമാറണമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.