മഞ്ഞുമ്മലില്‍ 14 കാരിയെ പീഡിപ്പിച്ച കേസ് : പ്രതികളിലൊരാൾ ഹിമാചൽ പ്രദേശിൽ അറസ്റ്റിൽ

എറണാകുളം മഞ്ഞുമ്മലില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി ഹാരൂണ്‍ ഖാനെയാണ് ഏലൂർ പൊലീസ്  ഹിമാചല്‍ പ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ മൂന്ന് അതിഥിത്തൊഴിലാളികൾ അറസ്റ്റിലായിരുന്നു.

ഹിമാചല്‍ പ്രദേശിലെ സോളനിൽ നിന്നാണ് ഹാരൂണ്‍ ഖാനെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്ന് മുങ്ങിയ പ്രതി ഇവിടെ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയുകയായിരുന്നു. ടവര്‍ ലൊക്കേഷൻ പിന്തുടര്‍ന്ന് സോളാനിൽ എത്തിയാണ് ഏലൂർ പൊലീസ് ഹറൂണിനെ പിടികൂടിയത്. ഇനി രണ്ട് അതിഥിത്തൊഴിലാളികൾ കൂടി അറസ്റ്റിലാകാനുണ്ട്. കേസിൽ യു.പി.സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാൻ,ഹനീഫ് എന്നിവർ രണ്ടാഴ്ച മുൻപ് കൊച്ചിയിൽ നിന്ന് തന്നെ അറസ്റ്റിലായിരുന്നു.

14 കാരിയെ കഴിഞ്ഞ മാര്‍ച്ച് മുതലാണ് ആറ് അതിഥിത്തൊഴിലാളികള്‍ ചേർന്ന് കൊച്ചിയിൽ വിവിധയിടങ്ങളിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്.

മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടി കൗൺസിലിങ്ങിനിടെ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.