പെരുമ്പാവൂരിന്റെ സഞ്ചാരകവി ലൂയിസ് പീറ്റർ വിടവാങ്ങി

വിപുലമായ സൗഹൃദങ്ങൾക്കുടമയായ പെരുമ്പാവൂരിന്റെ സഞ്ചാരകവി എളമ്പിള്ളിൽ ലൂയിസ് പീറ്റർ(59) അന്തരിച്ചു.കേരളത്തിലെ സാഹിത്യ സദസ്സുകളിലും ജനകീയസമരങ്ങളുൾപ്പെടെയുള്ള കൂട്ടായ്‌മകളിലും സജീവസാന്നിധ്യമായ കവിയായിരുന്നു. ഭാഷാപോഷിണിയിലടക്കം ഒട്ടേറെ ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ലൂയിസ് പീറ്ററിന്റെ കവിതകൾ’ എന്ന പേരിൽ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. സാഹിത്യ സദസ്സുകളിലും സൗഹൃദ കൂട്ടായ്മകളിലും സജീവസാന്നിധ്യമായിരുന്നു. സുഹൃത്തുക്കൾ ഇദ്ദേഹത്തിന്റെ ഡോക്യൂമെന്ററിയും പുറത്തിറക്കിയിട്ടുണ്ട്. ‘ലൂയി പാപ്പാ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

1986 ൽ ആദ്യ കവിത എഴുതിയ കവി പിന്നീട് നീണ്ട 20 വർഷം മൗനത്തിലായിരുന്നു. 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തുവരുന്നത്. അതിനു പിന്നാലെയാണ് സാംസ്‌ക്കാരിക കൂട്ടായ്‌മകളിലും സാമൂഹ്യമാധ്യമങ്ങളിലും ശ്രദ്ധേയനായത്.

ലൂയിസ് പീറ്റർ എന്ന സഞ്ചാരകവിയെ പിന്തുടർന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ വച്ച് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങൾ കവി പോലുമറിയാതെ ഒന്നര വർഷം കൊണ്ട് അഭ്രപാളികളിൽ പകർത്തിയ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. മുത്ത് ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ബിബിൻ പോലൂക്കര സംവിധാനവും സുഹൃദ്‌സംഘം നിർമ്മാണവും നിർവ്വഹിച്ചാണ്‌ ഈ ചിത്രം പുറത്തിറങ്ങിയത്.

ഭാര്യ ഡോളി. മക്കൾ ദിലീപ്, ദീപു. മരുമക്കൾ അനീറ്റ, മഞ്ജു.