ലോക് ഡൗൺ ലംഘിച്ചതിന് എറണാകുളം റൂറൽ ജില്ലയിൽ ബുധനാഴ്ച 233 കേസുകൾ, 242 അറസ്റ്റ്‌, 170 വാഹനങ്ങൾ പിടികൂടി

ലോക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ ജില്ലയിൽ
ബുധനാഴ്ച 233 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പോലിസ്
മേധാവി കെ. കാർത്തിക് ഐ.പി.എസ് അറിയിച്ചു. ഈ കേസുകളില്‍
നിന്നായി 242 പേരെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 170
വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 438 ആയി.
ആലുവ, പെരുമ്പാവൂർ , മൂവാറ്റുപുഴ എന്നീ സബ്ബ് ഡിവിഷനുകളിലെ 34
സ്റ്റേഷൻ പരിധിയിലും ഇരുപത്തിനാല് മണിക്കൂറും കർശന പരിശോധന
തുടരുകയാണ്. കൂടാതെ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ
നേതൃത്വത്തില്‍ നേരിട്ട് നിരത്തിൽ പരിശോധന
നടത്തുന്നുണ്ട്. നിരത്തുകളില്‍ പ്രത്യേക പിക്കറ്റുകളിൽ ഉയർന്ന
ഉദ്യോഗസ്ഥരുടെ നേതൃത്യത്തിൽ പോലിസ് സംഘം കാവലുമുണ്ട്.

ഓരോ വാഹനവും പരിശോധിച്ച് കൃത്യമായ നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കൃത്യമായ
നടപടിയെടുത്താണ് പോലിസ് മുമ്പോട്ടു പോകുന്നത്. ജില്ലാ
അതിർത്തികളിലും ചെക്കിംഗ് നടക്കുന്നുണ്ട്. അത്യാവശ്യക്കാര്‍ക്കുമാത്രമെ
പോലീസ് സ്റ്റേഷന്‍ വഴി പാസ്സുകള്‍ വിതരണം ചെയ്യുന്നുള്ളൂ.

പോലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്.
അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ
പോലീസ് പാസ്സ് ലഭിക്കുന്നതില്‍നിന്ന് ഒഴിവാക്കി. ഔദ്യോഗിക
കൃത്യനിര്‍വ്വഹണത്തിനു പോകുമ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ സ്ഥാപനം
നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനെ കാണിച്ചാല്‍ മതിയാകും.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാർ, നഴ് സുമാർ, മറ്റു
ജീവനക്കാർ, ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍, ജീവനക്കാര്‍,
മെഡിക്കല്‍ ഷോപ്പ് ജോലിക്കാർ, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍
ടെക്നീഷ്യന്മാര്‍, ഡാറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ്
ഡെലിവറി ബോയ് സ്, സ്വകാര്യ സുരക്ഷ ജീവനക്കാർ, പാചകവാതക
വിതരണം ചെയ്യുന്നവർ, പെട്രോള്‍ പമ്പ് ജീവനക്കാര്‍ എന്നിവരെയാണ് പോലീസ് പാസ് ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയില്‍ പരിശോധന കൂടുതല്‍ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.