കിഴക്കമ്പലം പഞ്ചായത്തിനെതിരെ വ്യാജ വാർത്ത; പോലീസ് കേസെടുത്തു

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കിഴക്കമ്പലം പഞ്ചായത്തിനെതിരെ വ്യാജ വാർത്ത നൽകുകയും സാമുദായിക വിദ്വേഷം പരത്തുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുകയും ചെയ്തതിനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി അജി നൽകിയ പരാതിയിന്മേലാണ് 153A , 120(O) വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

പൗരത്വ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തു ഭരണസമിതി യാതൊരു വിധത്തിലുള്ള ആലോചനകളും നടത്തിയിട്ടില്ലെന്നും അതിനുള്ള അധികാരം ഒരു തരത്തിലും ഇല്ലാത്ത പഞ്ചായത്തിന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയുമാണ് പരാതി നൽകിയത്.

കേന്ദ്ര സർക്കാറിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ പഞ്ചായത്തിന്റെ പേരിൽ ആരോപിക്കുന്നത് പഞ്ചായത്തിനെ കരിവാരി തേക്കുന്നതിനും അതുവഴി മത വിദ്വേഷവും സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുന്നതിനുമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഐപിസി 153A വകുപ്പനുസരിച്ച് മത സ്പർദ്ധ വളർത്തുന്നതിനെതിരെയുള്ള ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. 120(O) വകുപ്പ് പ്രകാരം ചുമത്തിയിട്ടുള്ള കുറ്റത്തിന് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.