നിരവധി മോഷണ കേസിലെ പ്രതിയായ 19കാരന്‍ പോക്സോ കേസിൽ പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാമ്പ്ര സ്വദേശി ചെമ്പാട്ട് വീട്ടിൽ റഷീദിന്റെ മകൻ റിയാദ് (19 വയസ്സ്) എന്നയാളെ പോക്സോ വകുപ്പ് പ്രകാരം കൊരട്ടി ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ അറസ്റ്റ് ചെയ്തു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയോട് ചാറ്റിങ്ങിലൂടെ സൗഹൃദം ദൃഢമാക്കിയ ശേഷം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താണ് റിയാദ് ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് റിയാദിന്റെ ക്രിമിനൽ പശ്ചാതലം മനസ്സിലാക്കിയ വിദ്യാർത്ഥിനി അതേപ്പറ്റി റിയാദിനോട് ചോദിച്ചതിനെ തുടർന്ന് റിയാദ് പെൺകുട്ടിയെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു.

പീഡന പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതറിഞ്ഞ ഇയാൾ
വൈപ്പിൻ, എടവനക്കാട് എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ
ഒളിവിൽ കഴിയുകയായിരുന്നു.

പ്രതിയെ പിടികൂടുവാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, റിയാദ് മാമ്പ്രയിലെ വീട്ടിൽ വന്ന് പണം വാങ്ങി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി അറിഞ്ഞ് യാത്രാമദ്ധ്യേ അന്നമനടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ വർഷം വെസ്റ്റ് കൊരട്ടിയിലെ കട കുത്തിതുറന്ന് മോഷണം നടത്തിയ കേസും,, പുതുക്കാട് സ്റ്റേഷൻ പരിധിയിൽ നിന്നും മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസും, ചാലക്കുടിയിലെ ബാറിൽ നിന്നും ഒരാളുടെ പേഴ്സ് മോഷ്ടിച്ച കേസും കൂടാതെ ആലുവ, അങ്കമാലി, ചെങ്ങമനാട്, എളമക്കര എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയ്യാൾക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ മാസം അങ്കമാലി സ്റ്റേഷൻ പരിധിയിലെ വട്ടപറമ്പ് എന്ന സ്ഥലത്ത് നിന്നും ഒരു സ്ത്രീയുടെ പണവും, ഫോണും അടങ്ങിയ ബാഗ് മോഷണം നടത്തിയ കാര്യത്തിന് പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്നതിനിടയിലാണ് പീഡനകേസിൽ കുടുങ്ങിയത്.
പിടി കൂടാൻ ശ്രമിച്ചാൽ കുതറിയോടി രക്ഷപെടാൻ ശ്രമിക്കാറുള്ള പ്രതിയെ പോലീസ് സംഘം അതിസാഹസികമായാണ് പിടികൂടിയത്.

തുടർന്ന് കൊരട്ടി സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയും തുടർന്ന് വൈദ്യ പരിശോധനയും മറ്റു നടപടികളും പൂർത്തിയാക്കി.

പ്രത്യേക അന്യേഷണ സംഘത്തിൽ സ്പെഷൽ ബ്രാഞ്ച്
ഉദ്യോഗസ്ഥരായ മുരുകേഷ് കടവത്ത്, അൻവർ സാദത്ത്,
സീനിയർ സി പി ഒ മാരായ തമ്പി കെ. വി, സജീവ്. സി,
മുഹമ്മദ് ബാഷി എന്നിവരാണ് ഉണ്ടായിരുന്നത്.
ചാലക്കുടി കോടതിയിൽ പ്രതിയെ ഹാജരാക്കി.