വെള്ളിയാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

മണ്‍സൂണ്‍ കാലം അവസാനിക്കാന്‍ ഇനി 15 ദിവസം മാത്രം. സംസ്ഥാനത്ത് ഇതുവരെ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 3 ശതമാനം അധികം   മഴ ലഭിച്ചു. ഇത്തവണ പിന്‍വാങ്ങല്‍ വൈകിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബര്‍ 20 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതുമൂലം സംസ്ഥാനത്ത് വീണ്ടും മണ്‍സൂണ്‍ ശക്തമാകാന്‍ ഇടയുണ്ട്.

ഇന്നലെ വരെ സംസ്ഥാനത്ത് ലഭിക്കേണ്ട ശരാശരി മഴ 1915 മില്ലീമീറ്ററാണ്. ലഭിച്ചത് 1976 മില്ലീമീറ്റര്‍ മഴ. സെപ്തംബര്‍ 30 വരെ ലഭിക്കേണ്ട ശരാശരി മഴ അഞ്ച് ജില്ലകളില്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം,തിരുവനന്തപുരം ജില്ലകളിലാണ് കാലവര്‍ഷം അവസാനിക്കും മുന്‍പ് തന്നെ കൂടുതല്‍ മഴ ലഭിച്ചത്.