ട്രാവൻകൂർ റയോൺസ് കമ്പനി മതിൽക്കെട്ട് തകർന്ന് തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് പതിച്ചു 

പൂട്ടിക്കിടക്കുന്ന പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് കമ്പനിയുടെ മതിൽക്കെട്ട് തകർന്ന് തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് പതിച്ചു.  പെരുമ്പാവൂർ നഗരസഭ വാർഡ് 27 ലെ സൗത്ത് വല്ലം സബ് സ്റ്റേഷൻ റോഡിൽ വെള്ളേംവേലി വീട്ടിൽ വി.കെ ഹംസയുടെ വീടിന്റെ പിറകുവശത്തായുള്ള കമ്പനി മതിലാണ് ഇന്നലെ തകർന്നു വീണത്.  കമ്പനിവളപ്പിലെ വൻമരങ്ങളുടെ വേരുകൾ ഇറങ്ങിയതാണ് മതിൽ തകരാൻ കാരണം. ഇതോടെ ഇഴജന്തുക്കൾ വീട്ടിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലായിരിക്കുന്നു.

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് വലിയ ശബ്ദത്തോടെ ഹംസയുടെ വീട്ടുവളപ്പിലേക്ക് മതിൽ  പതിച്ചത്.  12 അടിയോളം ഉയരമുള്ള വലിയ മതിലാണ് തകർന്നു വീണത്. മതിൽ ഇടിഞ്ഞ ഭാഗത്തായി നിൽക്കുന്ന ആറിഞ്ചോളം വരുന്ന വൻ തേക്ക് മരം അപകടാവസ്ഥയിൽ നിൽക്കുകയാണ്. കൂടാതെ തൊട്ടടുത്ത കുറ്റിയാനി കൊച്ചിന്റെ വീടിന്റെ പിറകുവശത്തുള്ള വൻ തേക്ക് മരം ചെരിഞ്ഞു മറ്റൊരു തേക്കിലേക്ക് ചാരി നിൽക്കുകയാണ്.

കൂടാതെ കമ്പനി വളപ്പിൽ വൻ മരങ്ങൾ വീടുകൾക്ക് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്നത് സമീപത്തെ മറ്റു വീടുകൾക്കും ഭീക്ഷണി സൃഷ്ടിക്കുകയാണ്.  മഴക്കാലത്ത് കമ്പനി വളപ്പിൽ വെള്ളം നിറഞ്ഞു വീടുകൾക്ക് അടിയിലൂടെ ഒഴുകി എത്തുന്നതും ആശങ്കക്ക് ഇടയാക്കുന്നുണ്ട്.

വളരെ ഭീതിയോടെയാണ് സമീപവാസികൾ ഇവിടെ കഴിയുന്നത്.  വീടുകൾക്ക് സമീപത്തെ വൻ മരങ്ങൾ മുറിച്ചു നീക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ദുരന്തങ്ങൾ വരുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന അധികാരികൾ റയോൺസ് കമ്പനി വളപ്പിനോട് ചേർന്നുള്ള സഥലവാസികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. സംഭവം വില്ലേജ് ഓഫീസറെ ഫോണിലൂടെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച്ച വില്ലേജ് ഓഫീസർ സംഭവസ്ഥലം സന്ദർശിക്കും.

തകർന്ന് വീണ കമ്പനി മതിലിന്റെ ഭാഗം പുനർ നിർമ്മിക്കുകയും അപകടകരമായി ചാഞ്ഞു നിൽക്കുന്ന വൻമരങ്ങൾ വെട്ടിമാറ്റുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.