നന്നായി പഠിക്കണം, പൊലീസ് കൂടെയുണ്ട്

നന്നായി പഠിക്കണം, പഠിച്ച് വലിയ ആളാകണം.
ഞങ്ങൾ കൂടെയുണ്ട് – റൂറൽ ജില്ലാ പൊലീസ് മേധാവി
കെ. കാർത്തിക്കിൻ്റെ വാക്കുകൾ കേട്ട് അജിതയുടേയും
അഭിജിത്തിൻ്റെയും കണ്ണുകൾ നിറഞ്ഞു. പൊലീസ്
സമ്മാനിക്കുന്ന മൊബൈൽ ഫോൺ ഏറ്റുവാങ്ങാൻ
മുത്തശ്ശിയുമൊത്ത് ജില്ലാ പൊലീസ് ആസ്ഥാനത്ത്
എത്തിയതാണ് കുട്ടികൾ.

കേസന്വേഷണത്തിൻ്റെ ഭാഗമായാണ് പെരുമ്പാവൂർ
എസ്.എച്ച്.ഒ സി.ജയകുമാറിൻ്റെ നേതൃത്വത്തിൽ
പൊലീസ് വെങ്ങോല ഈച്ചരൻ കവലയിലുള്ള ഇവരുടെ
വീട്ടിലെത്തുന്നത്. ഒരു വർഷം മുമ്പ് നടന്ന അമ്മയുടെ
കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അച്ചൻ
ജയിലിലാണ്. മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടികൾ.
വീടാണെങ്കിൽ ജപ്തി ഭീഷണിയിലും. മുത്തശ്ശി
തൊഴിലുറപ്പു പണിക്ക് പോയി കിട്ടുന്ന തുകയാണ് ഏക
വരുമാനം.

സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ
ക്ലാസിൽ കൃത്യമായി പങ്കെടുക്കാനും പറ്റുന്നില്ല.
കുട്ടികളുടെ സങ്കടം മനസിലാക്കിയ പൊലീസ്
സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ആദ്യഘട്ടമെന്ന
നിലയിലാണ് ഒരു സ്മാർട്ട് ഫോൺ നൽകിയത്. കടം
വീട്ടാൻ ഉദാരമനസ്ക്കർ രംഗത്ത് വരുമെന്ന പ്രതീക്ഷയും
പൊലീസിനുണ്ട്. പൊലീസും കുടുംബത്തെ
സഹായിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്ലസ് വൺ
വിദ്യാർത്ഥിനിയാണ് അജിത. അഭിജിത്താകട്ടെ ഒമ്പതാം
ക്ലാസിലും.