യുട്യൂബില്‍ നിന്ന് ഏഴു വയസുകാരന്‍ സമ്പാദിച്ചത് 156 കോടി

അമേരിക്കന്‍ സ്വദേശിയായ റയാന്‍ എന്ന ഈ ഏഴു വയസ്സുകാരനാണ് 2018ല്‍ യൂട്യൂബിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട പത്തു പേരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.റയാന്‍ ടോയ്‌സ് റിവ്യു എന്നതാണ് യുട്യൂബ് ചാനല്‍.

2015ലാണ് മാതാപിതാക്കള്‍ യൂട്യൂബ് ചാനല്‍ ഉണ്ടാക്കി നല്‍കിയത്. കളിപ്പാട്ടങ്ങളുടെ റിവ്യൂവാണ് ഈ ചാനലിലൂടെ റയാന്‍ നടത്തുന്നത്. കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കേണ്ട പ്രായത്തില്‍ വിപണിയിലെത്തുന്ന ഓരോ കളിപ്പാട്ടങ്ങളുടെയും ഗുണങ്ങളും ദോഷങ്ങളും വിവരിച്ചുകൊണ്ട് വീഡിയോ ചെയ്തത് വളരെ വേഗത്തില്‍ തന്നെ റയാന് ആരാധകരെ ഉണ്ടാക്കി.

2015 ല്‍ റയാന്‍ പുറത്തിറക്കിയ ഒരു വിഡിയോ റിവ്യൂ ഇതുവരെ കണ്ടത് 143 കോടി പേരാണ്. യൂട്യൂബ് റെക്കോര്‍ഡുകളിലൊന്നാണിത്. വീഡിയോ കാണുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ യുട്യൂബില്‍ നിന്നും പരസ്യങ്ങള്‍ വഴി മികച്ച വരുമാനം റയാനെ തേടി എത്തി തുടങ്ങി. പ്രശസ്ത കളിപ്പാട്ട കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ റയാന് അയച്ചു കൊടുത്തു റയാനെ കൊണ്ട് റിവ്യൂ ചെയ്യിപ്പിക്കാറുണ്ട്. ഇതോടെ അവരുടെ കച്ചവടവും ഉഷാറായി.

വീട്ടിലിരുന്നു യുട്യൂബ് വഴി വീഡിയോകള്‍ പോസ്റ്റ് ചെയ്തു ഏഴുവയസ്സുകാരന്‍ സമ്ബാദിച്ചത് 156 കോടി രൂപ. 2017 ജൂണിനും 2018 ജൂണിനും ഇടയില്‍ 156 കോടി രൂപയാണ് സമ്പാദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റയാന്റെ സമ്പാദ്യം 75 കോടി രൂപയായിരുന്നു. 1.7 കോടി ഫോളോവേഴ്‌സാണ് യൂട്യൂബില്‍ ഈ 7 വയസുകാരന് ഉളളത്.