അപേക്ഷ നൽകി 7 വർഷങ്ങൾക്കുശേഷം വീട് പണിയാൻ അനുമതി ; ഹൈക്കോടതി ഉത്തരവിലൂടെ

നമ്മുടെ ഭരണസംവിധാനങ്ങളുടെ നടത്തിപ്പ് പലപ്പോഴും എത്രത്തോളം കരുണാവിഹീനമാകുന്നു എന്നുള്ളതിന്റെ പ്രതിഫലനമാണ് വീട് വയ്ക്കാനുള്ള അനുമതി തേടി കളമശ്ശേരിയിലെ പൊതുപ്രവർത്തകനായ ബോസ്കോ ലൂയിസ് നടത്തിയ 7 വർഷം നീണ്ട പോരാട്ടം. ഹൈക്കോടതിയുടെ ഉത്തരവിലൂടെ അനുമതി ഇപ്പോഴാകാമെങ്കിൽ, എന്തുകൊണ്ടാണ് ഈ കാലതാമസത്തിന് കാരണം എന്നുള്ളതാണ് ചോദ്യം. സാദ്ധ്യമാകാവുന്ന കാര്യങ്ങൾ നിർവ്വഹിക്കാൻ ചുമതലപ്പെട്ട സംവിധാനങ്ങൾ, ആ ചുമതലകൾ നിറവേറ്റാൻ പ്രവർത്തിക്കുന്നില്ല എന്നുള്ളതാണ് ഇവിടെ വെളിവാകുന്നത്.

2013 ഡിസംബർ 8 നാണ് ബോസ്‌കോയുടെ പിതാവ് കളമശ്ശേരി നഗരസഭയിലെ വാർഡ് 9 ൽ പെടുന്ന വിടാക്കുഴയിൽ വീട് പണിയുന്നതിനായി നഗരസഭയിൽ അപേക്ഷ നൽകുന്നത്. താമസിച്ചിരുന്ന വീട് കാലപ്പഴക്കം കൊണ്ട് അങ്ങേയറ്റം ശോച്യമായ അവസ്‌ഥയിലായിരുന്നു. ചോർച്ച തടയാൻ മേൽക്കൂരയ്‌ക്ക്‌ മുകളിൽ പോളിത്തീൻ ഷീറ്റ് ഇട്ടിരിയ്ക്കുകയാണ്.

വീട് വയ്‌ക്കുന്നതിനുള്ള സ്‌ഥലം പ്രതിരോധവകുപ്പിന്റെ സ്‌ഥാപനമായ നാവിക ആയുധ ഡിപ്പോയുടെ (എൻ എ ഡി) സമീപമായതിനാൽ, ആ സ്‌ഥാപനത്തിന്റെ നിരാക്ഷേപപത്രം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നഗരസഭ അപേക്ഷ എൻ എ ഡി യ്ക്ക് അയച്ചു. എന്നാൽ, അപേക്ഷ എൻ എ ഡി യിൽ നിന്നും അനുമതിക്കായി ഡൽഹിയിലേക്ക് അയച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് തീരുമാനം നീണ്ടുപോയി. വീട് പണിയുന്നതിന് അനുമതി ചോദിച്ച സ്‌ഥലത്തേയ്ക്കുള്ള വഴി എൻ എ ഡിയുടെ ഭൂമിയിലൂടെ ആണെന്ന നിഗമനത്തിൽ അനുവാദം ലഭിക്കാതാവുകയും ചെയ്‌തു. ഇതിനിടെ സംയുക്ത പരിശോധന നടത്തണമെന്ന് ആവശ്യം എൻ എ ഡി പലതവണ ഉയർത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഈ ഘട്ടത്തിൽ, ബോസ്കോ പ്രധാനമന്ത്രിയ്ക്കും അപേക്ഷ അയച്ചു. തീരുമാനം അനിശ്ച്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് ബോസ്കോ 2018 ജൂലൈ 31 ന് നഗരസഭാ ഓഫീസിന് മുൻപിൽ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനെത്തുടർന്ന് അനിശ്ച്ചിതകാല സത്യാഗ്രഹം ആരംഭിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നീക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് 2019 ഫെബ്രുവരിയിൽ ബോസ്കോ ഹൈക്കോടതിയെ സമീപിക്കുന്നത്. കോടതിയിൽ ബോസ്കോ കേസ് നേരിട്ട് വാദിയ്ക്കുകയായിരുന്നു. കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം തഹസിൽദാരുടെ നേതൃത്വത്തിൽ സ്‌ഥലപരിശോധന നടത്തുകയും എൻ എ ഡി യുടെയും സമീപത്തുള്ള സ്വകാര്യവ്യക്തിയുടെയും ഭൂമി അളക്കുകയും ചെയ്‌തപ്പോൾ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ പുറമ്പോക്ക് വഴിയുണ്ടെന്ന് കണ്ടെത്തി തഹസിൽദാർ കോടതിയ്‌ക്ക്‌ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ബോസ്കോ വീട് പണിയാൻ അനുമതി ചോദിച്ചിരിയ്ക്കുന്ന സ്‌ഥലത്തേയ്ക്ക് പുറമ്പോക്ക് വഴിയുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് വീട് പണിയുന്നതിന് അനുമതി നൽകാൻ നഗരസഭയ്‌ക്ക്‌ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് ഉത്തരവ് നൽകുകയായിരുന്നു.

ഇതോടൊപ്പം, പുറമ്പോക്കു വഴിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ 3 മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്നും കോടതി നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.