കർഷകപ്രക്ഷോഭം : സുപ്രീം കോടതി ഉത്തരവ് രണ്ട് ദിവസത്തിനകം

ഡൽഹിയിലെ കർഷകപ്രക്ഷോഭവും അതിന് കാരണമായ മൂന്ന് കാർഷികനിയമങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിശോധിക്കവെ ഇതുവരെ സർക്കാരും കർഷകസംഘനകളും തമ്മിൽ നടന്ന ചർച്ചകളിൽ സുപ്രീം കോടതി അസംതൃപ്തി രേഖപ്പെടുത്തി. ഈ പ്രശ്‌നത്തിൽ ഇന്നോ നാളെയോ കോടതി ഉത്തരവിടുമെന്ന് ചീഫ് ജസ്റ്റീസ് എസ് എ ബോബ്ദെയുടെ നേതൃത്വത്തിൽ ജസ്റ്റീസ് എ എസ് ബോബണ്ണ, ജസ്റ്റീസ് വി രാമസുബ്രമണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച് പറഞ്ഞു.

കോടതി ചുമതലപ്പെടുത്തുന്ന ഒരു കമ്മിറ്റി ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുന്നതുവരെ വിവാദമായ കാർഷികനിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തി വയ്ക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. “നിയമങ്ങൾ പുരോഗമനപരമാണെന്ന് പറയുന്നവർ കമ്മിറ്റിയ്ക്ക് മുൻപിൽ അങ്ങിനെ പറയട്ടെ. എന്നാൽ സർക്കാർ നിയമങ്ങൾ സ്റ്റേ ചെയ്യുമോ അതോ കോടതി ചെയ്യണമോ എന്ന് വ്യക്‌തമാക്കണം. നിയമങ്ങൾ സ്റ്റേ ചെയ്യുകയാണ് ആദ്യം വേണ്ടത്. അതെന്ത് പ്രശ്‌നമാണ് സൃഷ്ടിക്കുക” കോടതി സർക്കാരിനോട് ചോദിച്ചു. “ഇതിനകം കുറേപ്പേർ ആത്‍മഹത്യ ചെയ്‌തു. പ്രായം ചെന്നവരും സ്ത്രീകളും സമരത്തിൽ പങ്കെടുക്കുന്നു. എന്താണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്? നിയമങ്ങൾ ഗുണം ചെയ്യുന്നതാണ് എന്ന് പറഞ്ഞുകൊണ്ട് ഒരാൾ പോലും ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല” കോടതി നിരീക്ഷിച്ചു.

മുൻ ചീഫ് ജസ്റ്റീസ് ആർ എം ലോധ ഉൾപ്പടെയുള്ള മുൻ ചീഫ് ജസ്റ്റീസുമാരുടെ പേരുകൾ പ്രശ്‌നപരിഹാരം നിർദ്ദേശിക്കുന്നതിനായുള്ള കമ്മിറ്റിയുടെ തലപ്പത്തേയ്ക്ക് ബെഞ്ച് നിർദ്ദേശിച്ചു.

കർഷകപ്രക്ഷോഭത്തിന് പരിഹാരം കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരും കർഷകസംഘടനകളും ഇതിനകം എട്ടുവട്ടം ചർച്ച നടത്തിയെങ്കിലും ഇതുവരെ കാര്യങ്ങൾ പരിഹാരത്തിലേയ്ക്ക് നീങ്ങിയിട്ടില്ല. അടുത്ത ചർച്ച ജനുവരി 15 നാണ് നിശ്ച്ചയിച്ചിരിക്കുന്നത്.