രാഷ്ട്രം അദ്ധ്യാപകരെ ആദരിച്ചു

മനസ്സുകളിലേക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട ഗുരുക്കമാർക്ക് മുൻപിൽ അദ്ധ്യാപകദിനമായ ഇന്ന് രാജ്യം കൃതജ്ഞതാഭരിതമായി. ഭാരതം കണ്ട ഉന്നതശീർഷരായ തത്വചിന്തകരിൽ ഒരാളും അദ്ധ്യാപകനും മുൻരാഷ്ട്രപതിയുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് രാഷ്ട്രം അദ്ധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആ നിലയിൽ ഓർക്കപ്പെടുന്നതിനേക്കാൾ അദ്ധ്യാപകദിനമായി ആചരിക്കപ്പെടുന്നതായിരിക്കും തനിയ്‌ക്ക്‌ ബഹുമതിയാകുക എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചുകൊണ്ടാണ് 1962 മുതൽ, സെപ്റ്റംബർ 5 അദ്ധ്യാപകർക്കായി സമർപ്പിക്കപ്പെട്ടിട്ടിരിക്കുന്നത്. 1888 സെപ്റ്റംബർ 5 ആണ് മുൻരാഷ്ട്രപതിയുടെ ജന്മദിനം. അതുകൊണ്ട് യുനെസ്‌കോ അദ്ധ്യാപകദിനം ആചരിക്കുന്ന ഒക്‌ടോബർ 5 നേക്കാൾ ഒരു മാസം മുൻപാണ് ഇന്ത്യയിൽ അദ്ധ്യാപകദിനം വരുന്നത്.

കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തെമ്പാടും വിദ്യാലയങ്ങൾ അടച്ചിടപ്പെട്ടു കിടക്കുന്നതിനാൽ, വീഡിയോ കോൺഫെറെൻസിങ്ങിലൂടെയാണ് കൂടുതൽ സ്‌ഥലങ്ങളിലും അദ്ധ്യാപകദിനാഘോഷം നടന്നത്.

അദ്ധ്യാപകദിനത്തിൽ മികച്ച അദ്ധ്യാപകർക്ക് രാഷ്‌ട്രപതി നൽകുന്ന അവാർഡുകളും വീഡിയോ കോൺഫ്രറൻസിങ്ങിലൂടെയാണ് നൽകപ്പെട്ടത്.  47 അദ്ധ്യാപകർക്കാണ് ദേശീയപുരസ്‌കാരം നൽകപ്പെട്ടത്.

നല്ല വിദ്യാലയങ്ങളെ സൃഷ്ടിക്കുന്നത് അദ്ധ്യാപകരാണ് , അല്ലാതെ വലിയ കെട്ടിടങ്ങളോ അവിടെയുള്ള വിലപിടിച്ച ഉപകരണങ്ങളോ അല്ലെന്ന് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് പറഞ്ഞു. അദ്ധ്യാപകരാണ് കുട്ടികളുടെ അറിവിനും സ്വഭാവരൂപവൽക്കരണത്തിനും അടിത്തറയിടുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് സാഹചര്യങ്ങളിൽ നമ്മുടെ വിദ്യാഭ്യാസരംഗം തകരാറിലാകാതിരിക്കുവാൻ വിശ്രമരഹിതരായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെ പ്രത്യേകമായി അനുസ്‌മരിക്കേണ്ട ദിനമാണിതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു .

മനസ്സുകളെ രൂപപ്പെടുത്തുന്നതിലും രാഷ്ട്രനിർമ്മാണത്തിലും അദ്ധ്യാപകർ വഹിക്കുന്ന പങ്ക് ഉൾക്കൊണ്ടുകൊണ്ട് നമ്മൾ എല്ലായ്‌പ്പോഴും അവരോടുള്ള കടപ്പാട് മനസ്സിൽ സൂക്ഷിക്കണമെന്ന് അദ്ധ്യാപകദിനത്തിൽ ആശംസകൾ നേരവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.