വാഴക്കുളത്ത് യുവാവിന് ഷിഗല്ല സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളുകളുടെ തുടർപരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും കളമശ്ശേരി ഗവ: മെഡിക്കൽ കോളേജിലും നടത്തിയതിലൂടെ ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെത്തുടർന്ന് ഇദ്ദേഹത്തിൻ്റെ നില തൃപ്തികരമായി തുടരുന്നു.

ജില്ല ആരോഗ്യവിഭാഗവും മലയിടംതുരുത്ത്, വാഴക്കുളം ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാരും ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തുകയും തുടർപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.വിവേക് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന വിദഗ്‌ധരുടെ യോഗം സ്‌ഥിതിഗതികൾ അവലോകനം ചെയ്‌തു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ ശ്രീദേവി. എസ് പ്രവർത്തനങ്ങൾ വിലയിരുത്തി.

ജില്ലയിൽ രണ്ട് ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാനും ശ്രദ്ധിക്കണമെന്ന് കളമശ്ശേരി ഗവ: മെഡിക്കൽ കോളേജിലെ കമ്യുണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ബിന്ദു പറഞ്ഞു.

വയറിളിക്കരോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല. വയറിളക്കം, പനി, വയറുവേദന, ചർദ്ദി, ക്ഷീണം, രക്തവും കഫവും കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

പ്രധാനമായും മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.

താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കുകലാണ് സ്വീകരിക്കേണ്ടത്.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം
ചെയ്യാതിരിക്കുക. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക. പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണപദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക. കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. രോഗ ലക്ഷണമുള്ളവർ ഒ.ആർ .എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തിൽ സമീപിക്കുക. *കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നും മറ്റും ശീതളപാനീയങ്ങൾ കുടിക്കാതിരിക്കുക.