ഗുഡ് വിൽ സിനിമാസിന്റെ ബാനറിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കിന്റെ റിവ്യൂ

അരുൺ കുമാർ
ബോസ് എന്ന കണിശക്കാരനായ സിനിമാ വ്യവസായത്തിൽ പണം മുടക്കുന്ന കണ്ണിൽച്ചോരയില്ലാത്ത വലിയ ധനികൻ. സിനിമാ നിർമ്മാതാവിന്റെ ബുദ്ധിമുട്ടുകളോ ജയ പരാജയങ്ങളോ ബോസിന് പ്രശ്നമല്ല, പണമിറക്കും തിരിച്ച് കിട്ടിയില്ലെങ്കിൽ നിർമ്മാതാവിന്റെ സെറ്റടക്കം അയാൾ ജപ്തി ചെയ്യും. ഒരു സിനിമാ ഭ്രാന്തനായതിനാൽ ബോസിന്റെ സംസാരം മുഴുവൻ വിവിധ സിനിമകളിലെ മാസ്സ് ഡയലോഗുകൾ മാത്രമാണ്. വളരെ രസകരമായും വിവിധ മാനറിസങ്ങൾ കൊണ്ടും മമ്മുക്ക തന്റെ റോൾ നന്നായി രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ പകുതിയിൽ ഫാൻസിന് വേണ്ടിയുള്ള ബോസിന്റെ മാസ്സ് മാത്രമാണ്. രണ്ടാം പകുതിയിൽ ആരാണ് ബോസ്സ് എന്തിനാണ് ബോസ്സ് മോളിവുഡിൽ വന്ന് വിളയാടുന്നത് എന്നതിന്റെ ഒരു കഥയും പറഞ്ഞ് പോകുന്നു. കഥാപരമായി ശരാശരിയും സംവിധായകന്റെ മുൻ സിനിമയായ മാസ്റ്റർ പീസ് വെച്ച് നോക്കിയാൽ മികച്ച രീതിയിൽ മെച്ചപ്പെട്ടതുമായ സിനിമയാണ് ഇത്. മലയാള സിനിമയിലെ ചില പ്രൊഡ്യൂസർമാർ ചെയ്ത് കൂട്ടുന്ന പണം തട്ടിപ്പ് പോലുള്ള കൊള്ളരുതായ്മകൾക്കെതിരെയും ഈ സിനിമ സംസാരിക്കുന്നു, ജോബി ജോർജ് ചേട്ടൻ എന്നാ, സുമ്മാവാ…

കനത്ത BGM, പലപ്പോഴും BGM ആണ് സിനിമയിലെ നായകൻ എന്ന് തോന്നും, നമിച്ച് പോകും. ആക്ഷൻ രംഗങ്ങൾ നന്നായിരുന്നു, പ്രത്യേകിച്ചും ഫിസിക്സിലെ ഒരു തത്വത്തേയും വെല്ലുവിളിക്കാതെ സ്വാഭാവികമായ രീതിയിൽ ഉള്ള ആക്ഷൻ രംഗങ്ങൾ. വേറെയൊന്നും എടുത്ത് പറയാനില്ലാത്ത ഒരു സിനിമാ അനുഭവമായി മാത്രമേ എനിക്ക് ഈ സിനിമ തോന്നിയുള്ളൂ. രണ്ടാം പകുതിയിൽ ആദ്യ അര മണിക്കൂറോളം മുഴുവൻ തമിഴ് ഡയലോഗ് കേട്ടപ്പോൾ സിനിമ മാറിപ്പോയോ എന്ന് സംശയിച്ചു, മലയാളി പ്രേക്ഷകരെ പറ്റിയുള്ള ആത്മവിശ്വാസമാകാം സബ്ടൈറ്റിൽ നൽകാതിരിക്കുവാൻ സംവിധായകനെ പ്രേരിപ്പിച്ചത്, എന്നിരുന്നാലും അത്രയും ലോംങ്ങ് സീക്വൻസിൽ പൂർണ്ണമായും മലയാള ഭാഷയെ ഒഴിവാക്കിയത് എന്തിനാണ് (സബ്റ്റൈറ്റിൽ ഇല്ലാത്തത്) എന്നത് ഒരു ചോദ്യമായി എന്നിൽ അവശേഷിക്കുന്നു. തിരക്കഥയെ കുറിച്ചോ സംഭാഷണത്തേ കുറിച്ചോ എഴുതണമെങ്കിൽ അനേകം സിനിമാ റഫറൻസുകൾ വേണ്ടി വരുമെന്നതിനാൽ ഒഴിവാക്കുന്നു. സിനിമ എഴുതാൻ ഉദ്ദേശിക്കുന്ന അത്ര ക്രിയേറ്റീവ് അല്ലാ എന്ന് സ്വയം തോന്നുന്നവർക്ക് പിന്തുടരാവുന്ന ഒരു ടെക്നിക്ക് ഈ സിനിമയിൽ സ്ക്രിപ്റ്റ് റൈറ്റേഴ്സ് ഉപയോഗിച്ചിരിക്കുന്നു, അതിനും അൽപം ക്രിയേറ്റിവിറ്റി വേണം കേട്ടോ.

സിനിമാ ചർച്ചകളിൽ എപ്പോഴും വരുന്ന ഒന്നാണ് മമ്മുക്കയുടെ നിത്യാനന്ദ ഷേണായി എന്ന പുത്തൻ പണത്തിലെ കഥാപാത്രം. ആ കഥാപാത്രം നായകനായി വരുന്ന ഒരു ഗംഭീര സിനിമയ്ക്ക് കാത്തിരിക്കുന്നു. അത് പോലെ ‘ബോസ്’ എന്ന ഈ സിനിമയിലെ കഥാപാത്രത്തിന്റെ മാനറിസങ്ങൾ ഉള്ള ഒരു മുഴുനീള ബോസ്സ് ചിത്രത്തിനും വലിയ സാധ്യതകൾ ഉണ്ട്, വൃത്തിയുള്ള കഥാ-തിരിക്കഥയിൽ.

രസതന്ത്രത്തിൽ മാറ്ററിനെ (ദ്രവ്യം = Matter) വ്യാഖ്യാനിച്ചിരിക്കുന്നത് “Matter is defined as anything that occupies space and has mass” എന്നാണ്. ഈ സിനിമയുമായി ഇതിനെന്ത് ബന്ധം എന്ന് വിചാരിക്കുന്നുണ്ടാകാം, പറയാം. മാസ്സ് ഉള്ളത് കൊണ്ട് ദ്രവ്യം ആകുന്നില്ല അത് സ്പേസ് കൂടി എടുക്കണം. കടുത്ത മമ്മുക്ക ഫാൻ അല്ലാത്ത ഒരു പ്രേക്ഷകന് സ്പേസ് കുറവായ എന്നാൽ ഫാൻസിന് വേണ്ടി മാസ്സ് ധാരളം നിറച്ചിരിക്കുന്ന ഒരു പ്രൊഡക്ടായിട്ടാണ് ഷൈലോക്ക് എന്ന സിനിമാ അനുഭവം. തൊട്ട് മുമ്പ് തീയറ്ററിൽ കണ്ട സിനിമ ബിഗ് ബ്രദർ ആയതിനാൽ താരതമ്യേന ഈ സിനിമ ആവറേജ് ആയി അനുഭവപ്പെട്ടു. കാണേണ്ടവർക്ക് കാണാം. കണ്ടില്ലെങ്കിൽ ഒന്നും നഷ്ടപ്പെടുവാൻ ഇല്ല എന്ന് മാത്രം.