പിതാവിന്റെ മരണത്തെത്തുടർന്ന് മകൻ അറസ്റ്റിൽ

പറവൂർ ചെറിയപ്പിള്ളി കണക്കാട്ടുശേരി വീട്ടിൽ ജലാധരൻ മരിച്ച
കേസിൽ മകൻ രാഹുൽ ദേവിനെ (25) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച
വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയറുവേദനയും
ഛർദ്ദിയും വന്നതിനെ തുടർന്ന് ജലാധരനെ പറവൂരിലുള്ള സ്വകാര്യ
ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . തുടർന്ന് മൂത്ത
മകനായ രാഹുൽ ദേവ് പറവൂർ സ്റ്റേഷനിലെത്തി അച്ഛൻ മദ്യപിച്ച്
തലയടിച്ചുവീണെന്നും അതുമൂലമാണ് മരണം സംഭവിച്ചതെന്നും പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ
നിർദ്ദേശാനുസരണം അസ്വഭാവിക മരണത്തിന് കേസെടുത്ത്
അന്വേഷണമാരംഭിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ നടന്ന
പോസ്റ്റ് മോർട്ടത്തിൽ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന്
കണ്ടെത്തി. വീട്ടിൽ അച്ഛനും മക്കളും മദ്യപിച്ച് അടിപിടി കൂടാറുണ്ടെന്ന
വിവരത്തിൻറെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രാഹുൽ
ദേവിൻറെ ആക്രമണത്തിലാണ് പിതാവ് കൊല്ലപ്പെട്ടതെന്ന്
കണ്ടെത്തിയത്.

ആലുവ ഡി.വൈ.എസ്.പി. ജി.വേണു, നോർത്ത് പറവൂർ
ഇൻസ്പെക്ടർ ഷോജോ വർഗീസ്, സബ് ഇൻസ്പെക്ടർമാരായ
അരുൺദേവ്, ജോൺസൻ ജയകുമാർ, അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടർമാരായ
മനോജ്, ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്
ബാബു, റെജി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.