തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിൽ പൊലീസിനെ സഹായിക്കാൻ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളും

തദ്ദേശ ഭരണസ്ഥാപന തിരഞ്ഞെടുപ്പിൽ പൊലീസിനെ സഹായിക്കാൻ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെ (എസ് പി സി) സേവനം ഉപയോഗപ്പെടുത്തുന്നതിന് ഗവൺമെന്റ് അനുമതി നൽകി. ഇതുസംബന്ധിച്ച സംസ്‌ഥാന പോലീസ് മേധാവിയുടെ അപേക്ഷയാണ് സർക്കാർ അംഗീകരിച്ചത്. ഇതനുസരിച്ച് സ്‌കൂളുകളിൽ രണ്ട് വർഷം എസ് പി സി പ്രോഗ്രാമിൽ പരിശീലനം നേടിയവരും 18 വയസ്സ് പൂർത്തിയാക്കിയവരുമായ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളെയാണ് സ്‌പെഷ്യൽ പോലീസ്‌ ഓഫീസർ പദവിയിൽ പൊലീസ് സേനയെ തെരഞ്ഞെടുപ്പിൽ സഹായിക്കുവാനായി നിയോഗിക്കുക.

സാമൂഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ളവരും നിയമത്തെ അനുസരിക്കുന്നവരുമായ ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഗവൺമെൻറ് കേരളത്തിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ്സ്.