കാന വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ടാർ റോഡിൽ കിടന്ന് അനിശ്ചിതകാലനിരാഹാരസമരം…

കളമശ്ശേരി മുനിസിപ്പാലിറ്റി  വാർഡ് 9  ൽ വിടാക്കുഴ — അമ്പലപ്പടി റോഡിലെ കാന വൃത്തിയാക്കണമെന്നും  കാനയുടെ  റിപ്പയർ പണിയിൽ  അഴിമതി ആരോപണവിധേയനായ  കരാറുകാരനെതിരെ നടപടിയെടുക്കണമെന്നും  ആവശ്യപ്പെട്ടുകൊണ്ട്  പൊതുപ്രവർത്തകനായ ബോസ്കോ കളമശ്ശേരി വെള്ളിയാഴ്ച അനിശ്ചിതകാല നിരാഹാരം  ആരംഭിച്ചു. ടാർ റോഡിൽ കിടന്നുകൊണ്ടാണ് അദ്ദേഹം നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

കാനയിൽ ഒഴുക്ക്  തടസ്സപ്പെട്ടിരിക്കുന്നതുകൊണ്ട്  മലിനജലം കെട്ടിക്കിടന്ന്  കൊതുകുകൾ പെരുകുകയും  പരിസരവാസികൾക്ക് ഡെങ്കിപ്പനി, മലേറിയ  പോലുള്ള പകർച്ചവ്യാധികൾ  പിടിപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2015 –16  വർഷത്തിൽ  ഈ  റോഡ് 6 .5  ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണികൾ ചെയ്തതാണ്. എന്നിട്ടും  കാനയിലെ വെള്ളക്കെട്ട്  മാറിക്കിട്ടിയിട്ടില്ല. മഴക്കാലത്ത് വെള്ളം തടസ്സപ്പെട്ട്  റോഡിൽ മലിനജലം കെട്ടിനിൽക്കുകയും ചെയ്യുന്നു. മുൻസിപ്പൽ അധികൃതർ, ആരോഗ്യവകുപ്പ്  അധികാരികൾ, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവർക്കെല്ലാം  പരാതി നൽകിയെങ്കിലും ഇതുവരെ പ്രശ്നത്തിന്  പരിഹാരമായിട്ടില്ലെന്ന്  ശ്രീ ബോസ്കോ പറഞ്ഞു.