പെരുമ്പാവൂരിലെ സ്റ്റുഡന്റസ് ഹാപ്പി ട്രാഫിക് ക്ലബ് – കേരളത്തിൽ ആദ്യത്തേത്…

കേരളത്തിൽ, ഒരുപക്ഷെ,  ആദ്യത്തേതെന്ന് കരുതാവുന്ന  ഒരു കാൽവയ്‌പ്പിന്‌  പെരുമ്പാവൂർ ആശ്രമം ഹയർ സെക്കണ്ടറി സ്കൂൾ വ്യാഴാഴ്‌ച  സാക്ഷ്യം വഹിച്ചു.  വാഹനവുമായി റോഡിലിറങ്ങിയാൽ ഗതാഗതനിയമങ്ങൾക്ക്  തീരെ വില കൽപ്പിക്കാത്ത  ഒരു സംസ്‌ക്കാരത്തെ ഗതി തിരിച്ചുവിടുവാനുള്ള ഒരു പരിശ്രമം. ഇരുചക്ര വാഹനാപകടങ്ങളിൽ  പെടുന്നവർ കൂടുതലും 15 നും 25 നും മദ്ധ്യേ പ്രായക്കാരാണെന്ന യാഥാർഥ്യം കണക്കിലെടുത്താണ്,  ഗതാഗതനിയമങ്ങൾ അതീവഗൗരവത്തോടെ  പാലിക്കപ്പെടേണ്ടതാണെന്ന  പാഠത്തിന്റെ  പ്രചാരണം  വിദ്യാർഥികളിലേക്കു കൂടി വ്യാപിപ്പിക്കുവാൻ   പെരുമ്പാവൂരിലെ തന്നെ മറ്റൊരു പുതുമയായ  ഹാപ്പി ട്രാഫിക് മുൻകൈയെടുത്തിരിക്കുന്നത്. 2019 ഒക്‌ടോബറിൽ  നടൻ ജയറാം ഉത്ഘാടനം ചെയ്‌ത ഹാപ്പി ട്രാഫിക്, ഗതാഗതനിയന്ത്രണത്തിൽ ട്രാഫിക് പൊലീസിനെ  സഹായിക്കുന്ന പരിശീലനം നേടിയ 18  പേരുടെ സന്നദ്ധസേനയാണ്.

പദ്ധതിയനുസരിച്ച്, ആദ്യഘട്ടത്തിൽ  പെരുമ്പാവൂരിലെ നാല് സ്കൂളുകളിൽ  സ്‌ഥാപിതമാവുന്ന സ്റ്റുഡൻറ്സ് ഹാപ്പി ട്രാഫിക് ക്ലൂബ്ബ്കളിൽ  ഒന്നാമത്തേതിന്റെ   ഉത്ഘാടനമാണ് ആശ്രമം സ്കൂളിൽ നടന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കുക , അവ പാലിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക – ഇതാണ് സ്റ്റുഡന്റസ് ഹാപ്പി ട്രാഫിക് ക്ലബ്ബിന്റെ ദൗത്യം. അതിനുതകുന്ന  എല്ലാത്തരം പ്രവർത്തനങ്ങളും ക്ലബ്ബിന് ആവിഷ്‌കരിച്ച്  നടപ്പിൽ വരുത്താം.

ക്ലബ്ബിന്റെ ഉത്ഘാടനം ജോയിന്റ് ആർ ടി ഒ   ബി ഷെഫീഖ്  നിർവ്വഹിച്ചു.

ഉത്ഘാടനസമ്മേളനത്തിൽ, ഹാപ്പി ട്രാഫിക്കിന്റെ ജനറൽ കൺവീനർ എൻ എ  ലുഖ്മാൻ സ്വാഗതം പറഞ്ഞു. ഹാപ്പി ട്രാഫിക് ചീഫ് കോ ഓർഡിനേറ്റർ കെ വി പ്രദീപ്കുമാർ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ക്ലബ്ബിന്റെ ലോഗോയുടെ പ്രകാശനം സ്കൂൾ പ്രിൻസിപ്പൽ ജോൺ കെ തോമസ്  നിർവ്വഹിച്ചു. വാർഡ് കൗൺസിലർ മോഹൻ ബേബി ഹാപ്പി ട്രാഫിക് സോൺ പ്രഖ്യാപനം നടത്തി. സബ് ഇൻസ്‌പെക്ടർ കെ എസ്  വാവ  സന്നിഹിതരായിരുന്ന എല്ലാവർക്കും  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ മോൻസി ജോർജ് നന്ദി പറഞ്ഞു.