താജ്മഹലിന്റെ തനി പകര്‍പ്പുകള്‍ ഇതൊക്കെയാണ്‌

ഉദാത്ത പ്രണയത്തിന്റെ സ്മാരകമായ താജ് മഹല്‍ നിഗൂഢ രഹസ്യങ്ങളുടെ കൂടെ കലവറയാണ്. ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍ പോലെ മറ്റൊരു സൃഷ്ടിയും ഉണ്ടാകാതിരിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ അതിന്റെ നിര്‍മ്മാണബുദ്ധികളുടെ കൈകള്‍ വെട്ടി കളഞ്ഞിരുന്നു എന്നൊക്കെയുള്ള കഥകളാണ് താജ്മഹലിന്റെ പിന്നിലുള്ളത്. എന്നാല്‍ താജ് മഹലിന്റെ തനി പകര്‍പ്പുകള്‍ ആയും അതിനോട് രൂപസാദൃശ്യമുള്ളതായും ഉള്ള ചില നിര്‍മ്മിതികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തില്‍ അഞ്ച് താജ് നിര്‍മ്മിതികളെ പറ്റിയാണ് പറയുന്നത്.


1. താജ് മഹല്‍, കോട്ട, രാജസ്ഥാന്‍


രാജസ്ഥാനിലെ കോട്ട നഗരം ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുള്ള സ്ഥലമാണ്!. ആ ഏഴ് മഹാത്ഭുതങ്ങളും ഇവിടുത്തെ ഒരു ടൂറിസ്റ്റ് പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്. താജ്ഹലിന്റെ പകര്‍പ്പും ഈ പാര്‍ക്കില്‍ ഇടം നേടിയിട്ടുണ്ട്.

2. മിനി താജ് മഹല്‍, ബുലന്ദ്ശഹര്‍, ഉത്തര്‍പ്രദേശ്

മുംതാസിന് വേണ്ടി ഷാജഹാന്‍ നിര്‍മ്മിച്ചത് പോലെ തന്നെ തന്റെ ഭാര്യയ്ക്ക് വേണ്ടി ഒരു പോസ്റ്റ്മാസ്റ്റര്‍ നിര്‍മ്മിച്ചതാണ് ഈ മിനി താജ് മഹല്‍. ഫൈസൂല്‍ ഹസന്‍ ക്വാദ്രിയെന്ന പോസ്റ്റ്മാന്‍ തന്റെ മുഴുവന്‍ സമ്പാദ്യങ്ങളും ഉപയോഗിച്ചാണ് ഈ താജ് മഹല്‍ പണിതത്.

3. ഷഹസാദി കാ മക്ബറ, ലക്നൗ, ഉത്തര്‍പ്രദേശ്


ലക്നൗവിലെ ചോട്ട ഇമാബ്ര കോംപ്ലക്സിലാണ് താജ് മഹല്‍ പോലെയുള്ള ഈ സൃഷ്ടിയുള്ളത്. അവഥിലെ മൂന്നാമത്തെ ചക്രവര്‍ത്തിയായ മൊഹമ്മദ് അലി ഷാ ബഹദൂറിന്റെ മകളായ സിനത് ആസിയ രാജകുമാരിയുടെ ശവശരീരം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

4. ബിബി കാ മക്ബറ, ഔറംഗബാദ്, മഹാരാഷ്ട്ര


താജ് മഹലിന്റെ ചരിത്രം ഭാര്യയ്ക്ക് വേണ്ടി ഭര്‍ത്താവ് നിര്‍മ്മിച്ചതാണെങ്കില്‍ ഔറംഗബാദിലെ ബിബി കാ മക്ബറ എന്ന ഈ താജ് മഹലിന്റെ പകര്‍പ്പ് മകന്‍ അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ചതാണ്. ഔറംഗസേബിന്റെ മകനായ അസം ഖാന്‍ രാജകുമാരന്‍, തന്റെ അമ്മ ദില്‍റാസ് ബാനു ബീഗത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഇത് നിര്‍മ്മിച്ചത്. ചരിത്രപ്രകാരം ദില്‍റാസ് ബാനു ബീഗം ഔറംഗസേബിന്റെ ആദ്യഭാര്യയും ചക്രവര്‍ത്തിനിയുമായിരുന്നു. താജ്മഹലിന്റെ ഉസ്താദ് അഹമ്മദ് ലഹൗറിയുടെ മകന്‍ അദ-ഉള്ളയാണ് ബീബി കാ മക്ബറ നിര്‍മ്മിച്ചത്. താജ് ഓഫ് ദ ഡെക്കാണ്‍ എന്നും ഇത് അറിയപ്പെടുന്നു.

5. ബാംഗ്ലൂരിലെ താജ് മഹല്‍


ബാംഗ്ലൂരിലും താജ് മഹലിന്റെ ഒരു പകര്‍പ്പുണ്ട്. ബന്നെര്‍ഗട്ട റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2015-ല്‍ മലേഷ്യന്‍ ആര്‍ട്ടിസ്റ്റ് ശേഖറാണ് ഇത് നിര്‍മ്മിച്ചത്. 40 അടി ഉയരവും 70 x 70 വീതിയും ഇതിനുണ്ട്.