തീവ്രവാദികള്‍ 15പേരെ വെടിവെച്ച് കൊന്നു!

തെക്കന്‍ തായ്ലന്‍ഡില്‍ നടന്ന വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. നാല് പേര്‍ക്ക് പരുക്കേറ്റു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. യാലാ പ്രവിശ്യയിലെ പോലീസ് ചെക്പോയിന്റില്‍ ആക്രമണം നടത്തിയ ശേഷം അക്രമികള്‍ ജനങ്ങള്‍ക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നോ കാരണമോ വ്യക്തമായിട്ടില്ല.

2004ല്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട പ്രവിശ്യയിലാണ് ഇന്നലെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അക്രമികളെ താമസിയാതെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.