കൂത്താട്ടുകുളത്ത് മാറികയിൽ നിന്നും മോഷണം നടത്തിയയാളെ മലപ്പുറത്തുനിന്നും അറസ്റ്റ് ചെയ്തു…

കൂത്താട്ടുകുളം പാലക്കുഴയ്ക്കടുത്ത് മാറികയിൽ ഉടുംമ്പനാട്ട് വീട്ടിൽ നിന്നും 5 പവന്റെ സ്വർണ്ണമാലയും, കൂരുമുളകും ഫെബ്രുവരി 7 ന് രാത്രി വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ മലപ്പുറം വണ്ടൂർ കാപ്പിൽ കരയിൽ കുന്നുമ്മൽ വീട്ടിൽ പനച്ചിപ്പാറ സുരേഷ് എന്ന സുരേഷിനെ (60) കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം ചോക്കാടുള്ള വാടക വീട്ടിൽ നിന്നുമാണ് മോഷ്ടാവ് പിടിയിലായത്.

പിടിയിലായ സുരേഷ് 20 ഓളം മോഷണക്കേസുകളിലെ പ്രതിയാണ്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം കഴിഞ്ഞ ഒരു വർഷമായി കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിവരികയായിരുന്നു. വിവിധ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ചാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും തുടർന്ന് അറസ്റ്റു ചെയ്തതും. താമസമില്ലാത്ത വീടുകളുടെ അടുത്തുള്ള ഒളിയിടങ്ങളിൽ പതിയിരുന്ന ശേഷം പാതിരാത്രിക്കുശേഷം മോഷണം നടത്തി തെളിവുകളൊന്നും ശേഷിപ്പിക്കാതെ കിട്ടുന്ന ആദ്യ ബസ്സിനു കടന്നുകളയുകയാണ് പ്രതിയുടെ രീതി . ഏറെ ശ്രമഫലമായാണ് കൂത്താട്ടുകുളം പോലീസിന് പ്രതിയെ പിടികൂടാനായത്.

അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കെ അനിൽകുമാർ, ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്‌പെക്ടർ ജയപ്രസാദ്, കൂത്താട്ടുകുളം സ്റ്റേഷനിലെ ഇൻസ്‌പെക്ടർ കെ ആർ മോഹൻദാസ്, സബ്ബ് ഇൻസ്‌പെക്ടർമാരായ ബ്രിജുകുമാർ, സജീവ്കുമാർ എൻ, സി പി ഒ ബിജു ജോൺ, രഞ്ജിത്ത് കെ ആർ, പോത്താനിക്കാട് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാജേഷ് കെ കെ, പുത്തൻകുരിശ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്‌പെക്ടർ ശശിധരൻ, രാമമംഗലം സ്റ്റേഷനിലെ അസ്സി. സബ് ഇൻസ്‌പെക്ടർ റോയി, സൈബർ സെല്ലിലെ സി പി ഒ റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.