ഭക്തർക്ക് സുരക്ഷയൊരുക്കാൻ സേഫ്റ്റി പിൻ; തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവത്തിന് എത്തിയ ഭക്തരുടെ സ്വർണാഭരണങ്ങൾ ഇനി സുരക്ഷിതം

ക്ഷേത്രത്തില്‍ ദര്‍ശനത്തിയ തീര്‍ത്ഥാടകരായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണമാലകള്‍ സേഫ്റ്റി പിന്‍ കൊണ്ട് വസ്ത്രങ്ങളുമായി കൂട്ടിയോജിപ്പിച്ച ‘സേഫ്റ്റി പിന്‍ പൂട്ട്’ സാങ്കേതികവിദ്യയാണ് ഭക്തരുടെ പ്രസംശനേടിയത്. ക്യൂ നില്‍ക്കുന്ന സ്ത്രീകളുടെ കൈകളില്‍ സേഫ്റ്റി പിന്‍ വച്ചുകൊടുക്കുന്ന വനിതാ പൊലീസുകാരും വിദ്യാര്‍ഥികളും തുടക്കത്തില്‍ തീര്‍ത്ഥാടകരില്‍ കൗതുകമുണര്‍ത്തിയെങ്കിലും പിന്നാലെ ഇതിന്റെ ഉദ്ദേശം പറഞ്ഞപ്പോഴാണ് കൗതുകം ആദരവായി മാറിയത്. തിരക്ക് മുതലെടുത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണ്ണാഭരണങ്ങള്‍ കവരാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് നടപടി. കാലടി പൊലീസ് നടപ്പാക്കിയ പരിപാടിയില്‍ ക്ഷേത്ര ട്രസ്റ്റും നടതുറപ്പിനോടനുബന്ധിച്ച് ശുചിത്വ സേവനത്തിനെത്തിയ എസ്.സി.എം.എസ്. കോളജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളും പങ്കാളികളായി. വനിതാ പൊലീസും എന്‍.എസ്.എസ്. വനിതാ വാളണ്ടിയേഴ്‌സും ചേര്‍ന്ന് സ്വര്‍ണ്ണമാലകള്‍ അണഞ്ഞുവന്ന മുഴുവന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സേഫ്റ്റി പിന്‍ ലോക്ക് നല്‍കി. കാലടി സി.ഐ. ടി.ആര്‍. സന്തോഷ്, എസ്.ഐ. റിന്‍സ് എം. തോമസ്, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി രാതുല്‍ രാം, അംഗങ്ങളായ കെ.കെ. ബാലചന്ദ്രന്‍, കെ.എ പ്രസൂണ്‍കുമാര്‍, പി.ജി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.