തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ നട തുറപ്പ് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കും

ഭക്തരുടെ ഒരുവര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട ഇന്നു തുറക്കും.

മഹാദേവന്റെ ജന്മനാളായ ധനു മാസത്തിലെ തിരുവാതിര രാവുണരുന്ന പുണ്യ മുഹൂര്‍ത്തത്തിലാണ് മംഗല്യവരദായിനിയുടെ ദര്‍ശനോത്സവം ആരംഭിക്കുന്നത്. വൈകിട്ട് നാലിന് ക്ഷേത്രോല്‍പ്പത്തിക്കു നിമിത്തമായ അകവൂര്‍ മനയിലെ അകവൂര്‍ ചാത്തന്റെ ക്ഷേത്രത്തില്‍ നിന്ന് താളവാദ്യങ്ങളുടെയും പൂക്കാവടിയുടെയും താലമേന്തിയ മങ്കമാരുടെയും അകമ്പടിയോടെ ദേവിക്കു ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിലേക്ക് എതിരേല്‍ക്കുന്ന രഥഘോഷയാത്രയോടെയാണ് ആഘോഷത്തിന് തുടക്കമാകുന്നത്.

അകവൂര്‍ മനയിലെ അംഗങ്ങളില്‍ നിന്ന് പൗരാണികമായ തിരുവാഭരണങ്ങളും അകവൂര്‍ ശ്രീരാമമൂര്‍ത്തിക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നു പകര്‍ന്ന ദീപവും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ ഏറ്റുവാങ്ങും. തുടര്‍ന്നു നടക്കുന്ന വര്‍ണാഭമായ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിയതിനു ശേഷം  നടതുറപ്പിനുള്ള പരമ്പരാഗതമായ ചടങ്ങുകള്‍ ആരംഭിക്കും.

ക്ഷേത്ര ഊരാണ്‍മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികള്‍, സമുദായം തിരുമേനി ചെറുമുക്ക് വാസുദേവന്‍ നമ്പൂതിരിപ്പാട്, ശ്രീപാര്‍വ്വതീദേവിയുടെ തോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന ‘പുഷ്പ്പിണി’, ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ എന്നിവര്‍ നടയ്ക്കല്‍ സന്നിഹിതരാകും. രാത്രി എട്ടിന് ദേവിയെ തിരുവാഭരണം ചാര്‍ത്തി, വിളക്കുതെളിയിച്ച്, അലങ്കാരങ്ങളും പൂര്‍ത്തിയായെന്ന് അറിയിക്കുന്നതോടെ പുഷ്പിണിയായി അറിയപ്പെടുന്ന ബ്രാഹ്മണിയമ്മ, ഊരാണ്മക്കാരുടെയും സമുദായം തിരുമേനിയടെയും സാന്നിധ്യം ഉറപ്പിക്കുന്നതിനായി ‘സമുദായം തിരുമേനി മനയ്ക്കല്‍ മൂന്നേടത്തുനിന്നും എത്തിച്ചേര്‍ന്നിട്ടുണ്ടോ’ എന്നു മൂന്നു വട്ടം വിളിച്ചു ചോദിക്കും. ‘ഉവ്വ്’ എന്ന് ഇവര്‍ മൂന്നു വട്ടം മറുപടി പറഞ്ഞാല്‍ തുടര്‍ന്ന് ‘നടതുറന്നോട്ടെ’ എന്നു അനുവാദം ചോദിക്കും. ‘തുറന്നാലും’ എന്നു മൂന്നു തവണ മറുപടി ലഭിക്കുന്നതോടെ മേല്‍ശാന്തി നടതുറക്കും.

രാത്രി ദേവിയെ പാട്ടുപുരയിലേക്ക് ആനയിക്കും. ശേഷം രാത്രി മുഴുവന്‍ പാട്ടുപുരയില്‍ കഴിയുന്ന ദേവിക്ക് ബ്രഹ്മണിപ്പാട്ടുകളുമായി പുഷ്പിണി ഉറക്കമൊഴിച്ചു കൂട്ടിരിക്കും. ഈ സമയം ദേവിയുടെ നട തുറന്നു കിടക്കുന്ന നടയ്ക്കല്‍ തിരുവാതിര നോമ്പുനോറ്റ മങ്കമാര്‍ തിരുവാതിരകളി കളിക്കും. തുടര്‍ന്ന് 20 വരെ ദിവസവും രാവിലെ 3 മുതല്‍ 1.30 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 9 വരെയുമാണു ദര്‍ശനം.