തിരുവൈരാണിക്കുളത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രീൻ പ്രോട്ടോക്കൾ മിഷൻ മാതൃകാപരം

കേരള ശുചിത്വമിഷന്റെ ഹരിത കേരളം പരിപാടിയുടെ ശ്രദ്ധേയമായ ഒരു മാതൃകയാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ നമുക്ക് കാണാനാവുക. കേരള ശുചിത്വമിഷന്റെയും തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കറുകുറ്റി എസ്  സി എം എസ് എഞ്ചിനീയറിംഗ് കോളേജിലെ എൻഎസ്എസ്  വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ശ്രദ്ധേയമായ ഈ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നത്. ഏതാണ്ട് എൺപതോളം വിദ്യാർഥികളാണ് നടതുറപ്പ് മഹോത്സവത്തിന്റെ 12 ദിവസങ്ങളിൽ ക്ഷേത്രത്തിൽ ക്യാമ്പ് ചെയ്ത് ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ദിവസേന മൂന്ന് ഷിഫ്റ്റുകളിലായാണ് ഈ വിദ്യാർത്ഥികൾ അവരുടെ ദൗത്യം നിർവഹിക്കുന്നത്. ഉത്സവദിനങ്ങളിൽ  ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് കേരളത്തിനകത്തും പുറത്തുനിന്നുമായി ക്ഷേത്രത്തിലെത്തി കൊണ്ടിരിക്കുന്നത്.  ക്ഷേത്രപരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിനെപ്പറ്റിയും  പാഴ്‌വസ്തുക്കൾ എവിടെയാണ് നിക്ഷേപിക്കേണ്ടതെന്നതിനെപ്പറ്റിയും  കുട്ടികൾ
അവർക്ക് നിർദേശങ്ങൾ നൽകുന്നു. പിന്നെയും പ്രത്യക്ഷപ്പെടുന്ന പാഴ്‌വസ്‌തുക്കൾ കുട്ടികൾ നീക്കം ചെയ്യുന്നു. അവ ഇനം തിരിച്ച്‌ റീസൈക്ലിങിന് അയക്കുവാൻ ക്ഷേത്രം സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. എസ് സി എം എസ് കോളേജിലെ എൻ എസ് എസ് പ്രോജക്ട് ഓഫീസർമാരും അസിസ്റ്റന്റ് പ്രൊഫെസ്സർമാരുമായ സുജയ് കൊച്ചുനാരായണൻ, രാകേഷ് എ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി രാതുൽ റാം, എസ് സി എം എസ് കോളേജിലെ എൻ എസ് എസ് സെക്രട്ടറി അതുല്യ കെ ടി എന്നിവർ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ഉത്സവത്തോടനുബന്ധിച്ച്  ക്ഷേത്രത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ ഇത് മൂന്നാം വർഷമാണ്. ആദ്യവർഷം എസ് സി എം എസിലെ കുട്ടികൾ തന്നെ നേതൃത്വം നൽകി. കഴിഞ്ഞ വർഷം എറണാകുളം ജില്ലയിലെ കോളേജുകളിലെ  എൻഎസ്എസ് വളണ്ടിയർമാരായിരുന്നു പ്രവർത്തനരംഗത്ത്. ഈ വർഷം വീണ്ടും എസ് സി എം എസ് കോളേജ്.  തിരുവൈരാണിക്കുളത്തെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളുടെ വിജയത്തെത്തുടർന്ന്, ശുചിത്വ മിഷന്റെ പ്രവർത്തനമേഖലകളിൽ ‘തിരുവൈരാണിക്കുളം മോഡൽ’ എന്ന പ്രയോഗം തന്നെ വന്നുചേർന്നിരിക്കുന്നു.