തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തേടനുബന്ധിച്ചുള്ള അന്നദാനം പോഷകത്തികവും വിഷരഹിത പച്ചക്കറികളും ചേർന്ന് രുചിക്കാം

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിനു വിളമ്പുന്ന അന്നദാനത്തില്‍ ഭക്തര്‍ക്ക് ഇനിമുതല്‍ പോഷകത്തികവിനൊപ്പം മായമില്ലാത്ത പച്ചക്കറികളുടെ ജൈവ മികവുകൂടി രുചിക്കാം. ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പുകളില്‍ വിളയിച്ച വിഷരഹിത പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഇത്തവണ അന്നദാനത്തിനുള്ള പ്രധാന വിഭവമായ പുഴുക്ക് ഒരുക്കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതീദേവിയുടെ നടതുറന്നിരിക്കുന്ന 12 ദിനവും ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അന്നദാനം നല്‍കുന്നുണ്ട്. ദര്‍ശനത്തിനെത്തുന്ന ഭക്തരെല്ലാം അന്നദാനവും കഴിച്ചശേഷമേ മടങ്ങാറുള്ളൂ. ആദ്യ ദിനം വ്രതമെടുത്ത് എത്തുന്നവര്‍ക്ക് ഗോതമ്പ് കഞ്ഞിയും തിരുവാതിര പുഴുക്കുമാണ് നല്‍കുന്നതെങ്കില്‍ തുടര്‍ന്നുള്ള 11 ദിവസങ്ങളില്‍ വിളമ്പുന്നത് നെയ്യ് ചേര്‍ത്ത കുത്തരിക്കഞ്ഞിയും പുഴുക്കും അച്ചാറുമാണ്. ദൂരദേശങ്ങളില്‍ നിന്ന് എത്തുന്ന ഭക്തര്‍ക്ക് ഇത് ഏറെ ആശ്വാസമാണ്. ക്ഷേത്ര ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്ര ഉടമസ്ഥലയിലുള്ള പറമ്പുകളില്‍ നടത്തിയ വിഷരഹിത പച്ചക്കറി കൃഷിയില്‍ നിന്നു വിളവെടുത്ത കാച്ചിലും, ചേനയും പയറും പച്ചമുളകും മഞ്ഞങ്ങയുമൊക്കെയാണ് ഈ വര്‍ഷത്തെ തിരുവാതിര പുഴുക്കിനെ സ്വാദുറ്റതാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയ ശുചിത്വ പരിപാലന യജ്ഞവുമായി ബന്ധപ്പെട്ടാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. ക്ഷേത്രത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മലിനജലം സംസ്‌ക്കരണ പ്ലാന്റ് ഉപയോഗിച്ച് ശുദ്ധീകരിച്ചശേഷം കാര്‍ഷിക ആവശ്യത്തിനായി ഫലപ്രദമായി വിനിയോഗിക്കുകയാണ്. ഒരു വര്‍ഷത്തോളമായി ഇത്തരത്തില്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ ന്യായ വിലയ്ക്ക് തിരുവൈരാണിക്കുളം പ്രദേശവാസികള്‍ക്കു നല്‍കിവരികയാണ്. വിശ്വാസത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലവും ഭക്തര്‍ക്കു പകര്‍ന്നു നല്‍കുന്നതിന്റെ ഭാഗമായാണ് നടതുറപ്പ് നാളുകളിലെ അന്നദാനത്തിനും വിഷരഹിത പച്ചക്കറികള്‍ ഉപയോഗിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. സ്വകാര്യ ഭക്ഷണശാലകളില്‍ നിന്നുള്ള ചൂഷണം തടയുന്നതിനും ഇത് സഹായകരമാകുന്നുണ്ട്. ആയിരത്തോളം പേര്‍ക്ക് സൗകര്യപ്രദമായി ഇരുന്നു ഭക്ഷണം കഴിക്കാന്‍ കഴിയുന്ന താല്‍ക്കാലിക അന്നദാന മണ്ഡപമാണ് ഒരുക്കിയിട്ടുള്ളത്. ഭക്തര്‍ക്ക് ആവശ്യാനുസരണം കഞ്ഞി വിളമ്പാന്‍ അന്‍പതില്‍പരം വാളണ്ടിയേഴ്‌സുമുണ്ട്. രാവിലെ 9 മുതല്‍ അന്നദാനം ആരംഭിക്കും.