തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിനായുള്ള വെർച്വൽ ക്യൂ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ 2020 ജനുവരി 9 മുതല്‍ 20 വരെ ആഘോഷിക്കുന്ന ശ്രീപാവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിനായുള്ള വെല്‍ച്വല്‍ ക്യൂവില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ഡിസംബര്‍ ഒന്നിന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടക്കം കുറിച്ചതിനുശേഷം മികച്ചരീതിയില്‍ ബുക്കിങ് പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ദര്‍ശന സമയം സൗജന്യമായി ബുക്ക് ചെയ്യാനാകുന്ന വെര്‍ച്വല്‍ ക്യൂ സംവിധാനം ആരംഭിച്ചത്. നടപ്പാക്കിയ ആദ്യ വര്‍ഷം തന്നെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് ഭക്തരില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. രണ്ട് ലക്ഷത്തോളം ഭക്തരാണ് ഓണ്‍ലൈന്‍ ബുക്കിങിലൂടെ ദര്‍ശനം നടത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനമെന്ന നിലയില്‍ ഈ വര്‍ഷവും കൂടുതല്‍ ഭക്തര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉപയോഗിക്കുന്നുണ്ട്.
ഒരു തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണ്‍ നമ്പറും ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലളിതമായി ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.thiruvairanikkulamtemple.org വഴിയാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. വെബ് സൈറ്റിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പേജ് സന്ദര്‍ശിച്ച് നിശ്ചിത കോളത്തില്‍ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ മൊബൈല്‍ നമ്പര്‍ കൊടുത്ത് മൊബൈലില്‍ ഒ.ടി.പി. (വണ്‍ ടൈം പാസ് വേഡ് ) നമ്പര്‍ എസ്.എം.എസ്. സന്ദേശമായി ലഭ്യമാക്കുന്നതാണ് ആദ്യ ഘട്ടം. ഈ ഒ.ടി.പി. നമ്പര്‍ എന്റര്‍ ചെയ്തശേഷം തുടര്‍ന്നു വരുന്ന പേജില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രകാരം പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍, ദര്‍ശനത്തിന് എത്തുന്ന ആളുകളുടെ എണ്ണം, പേരുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ കൊടുക്കണം. തുടര്‍ന്ന് ദര്‍ശന സമയം തിരഞ്ഞെടുക്കണം. ജനുവരി 10 മുതല്‍ 20 വരെയുള്ള ഉത്സവ ദിവസങ്ങളെ അര മണിക്കൂര്‍ ഇടവിട്ടുള്ള 26 ടൈം സ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ദര്‍ശന സമയം തിരഞ്ഞെടുത്ത് ബുക്ക് ചെയ്തു ഉറപ്പാക്കണം. തുടര്‍ന്ന് വെര്‍ച്വല്‍ ക്യൂ ടോക്കണ്‍ പ്രിന്റ് എടുക്കണം. ബുക്കിങ് പൂര്‍ത്തിയായ ശേഷം മൊബൈലില്‍ എസ്.എം.എസ്. ആയി ലഭിക്കുന്ന ട്രാക്കിങ് നമ്പറും ബുക്ക് ചെയ്ത മൊബൈല്‍ നമ്പറും ഉപയോഗിച്ച് ഇതേ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രിന്റ് എപ്പോള്‍ വേണമെങ്കിലും എടുക്കാവുന്നതാണ്. ഒരാളുടെ തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണ്‍ നമ്പറും ഉപയോഗിച്ച് പരമാവധി 6 പേരെ വരെ ബുക്ക് ചെയ്യാവുന്നതാണ്. ഒരുതവണ ബുക്കിങിനായി നല്‍കിയ തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പറും വീണ്ടും ഉപയോഗിക്കാനാകില്ല. ദര്‍ശന സമയത്ത് ടോക്കണ്‍ പകര്‍പ്പും ബുക്ക് ചെയ്ത ആളുടെ തിരിച്ചറിയല്‍ രേഖയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. ഓണ്‍ലൈന്‍ ബുക്കിങിന് ആശ്രയിക്കുന്ന സേര്‍ച്ച് എന്‍ജിനുകള്‍ അപ്ഡേറ്റഡ് ആയിരിക്കണം. തിരഞ്ഞെടുത്ത സമയത്തിനു ശേഷം എത്തിയാല്‍ അവസരം നഷ്ടപ്പെടുന്നതാണ്. ഈ സേവനം സൗജന്യമാണ്.