മാലിന്യ സംസ്കരണത്തിൽ ഉത്തമ മാതൃകയുമായി തിരുവൈരാണിക്കുളം ക്ഷേത്രം; അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ മാലിന്യനിർമാർജനത്തെ പ്പറ്റിയുള്ള
ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ, ഇതുസംബന്ധമായി  ബന്ധപ്പെട്ട് ക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളെപ്പറ്റി ക്ഷേത്രം ഭാരവാഹികൾ വ്യാഴാഴ്ച പത്രസമ്മേളനം നടത്തി വിശദീകരിച്ചു.

നടതുറപ്പ് മഹോത്സവത്തിന് മുന്നോടിയായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കളക്ടർ എസ് സുഹാസ് എന്നിവരുൾപ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങളെത്തുടർന്നു ക്ഷേത്രത്തിലെ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവ്വഹിക്കുവാൻ ഹരിതകേരളം മിഷനെ ചുമതലപ്പെടുത്തുകയുണ്ടായി. 2017 മുതൽ ഉത്സവത്തോടനുബന്ധിച്ച്‌ ക്ഷേത്രം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുവരികയാണ്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന് ഈ വർഷം നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത് കറുകുറ്റി SCMS എൻജിനീയറിങ് കോളേജിലെ NSS വളണ്ടിയർമാരാണ്.

മാലിന്യസംസ്ക്കരണ പ്ലാന്റുകളിലേക്ക് ക്ഷേത്രം ഭാരവാഹികൾ  മാധ്യമ പ്രവർത്തകരെ കൊണ്ടുപോകുകയും സംവിധാനങ്ങൾ വിശദീകരിക്കുകയും ചെയ്‌തു. ക്ഷേത്രത്തിനടുത്തുള്ള പാടത്തേക്ക് മലിനജലം ഒഴുക്കിവിടുന്നു എന്ന ആരോപണം തെറ്റാണെന്നു ബോധ്യപ്പെടുത്തുവാൻ അവിടേക്കും മാധ്യമപ്രവർത്തകരെ കൊണ്ടുപോകുകയുണ്ടായി.

ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശുചിമുറികല്‍ നിന്നുള്ള സ്വീവേജ് മാലിന്യം സംസ്‌ക്കരിക്കുന്നതിന് അന്‍പതിനായിരം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ശുചികരണ പ്ലാന്റുകളാണ് ക്ഷേത്ര ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. മലിനജലം ആറു ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ ശേഖരിച്ചശേഷം ശുചീകരണ പ്ലാന്റിലൂടെ അള്‍ട്രാ ഫില്‍ട്രേഷന്‍ സാങ്കേതിക വിദ്യയിലൂടെ സംസ്‌ക്കരിച്ചെടുക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ കൃത്യമായ ഇടവേളകളില്‍ പ്ലാന്റിന്റെ കാര്യക്ഷമതയും സംസ്‌ക്കരിച്ച വെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്.

പ്ലാന്റില്‍ നിന്നുള്ള സംസ്‌ക്കരിച്ച ജലം ഉപയോഗിച്ച് ക്ഷേത്രത്തിന്റെ അധീനതയിലുള്ള പറമ്പുകളില്‍ വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുകയാണ്. ഇത്തരത്തില്‍ ഉല്‍പാദിപ്പിച്ച രണ്ട് ടണ്‍ പച്ചക്കറികള്‍ നടതുറപ്പ് സമയത്ത് നടത്തിവരുന്ന അന്നദാനത്തിന് ഉപയോഗിക്കുന്നുണ്ട്. മാലിന്യമുക്ത ആഘോഷമെന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന് മൂന്നു വര്‍ഷം കൊണ്ട് ഒന്നര കോടിയോളം രൂപയാണ് ക്ഷേത്ര ട്രസ്റ്റ് ചിലവഴിച്ചിട്ടുള്ളത്.

ക്ഷേത്ര ട്രസ്റ്റ് ക്ഷേത്ര പരിസരങ്ങളില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങള്‍ പ്രധാന ശേഖരണ കേന്ദ്രത്തിലെത്തിച്ച് ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിന് ഇരുപതോളം വാളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. വേര്‍തിരിച്ച ജൈവമാലിന്യങ്ങള്‍ പ്രദേശത്തു തന്നെയുള്ള കൃഷിയിടങ്ങളില്‍ കംബോസ്റ്റിങ് രീതിയിലൂടെ മികച്ച ജൈവവളമാക്കി മാറ്റുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി കയറ്റി അയക്കുകയുമാണ് ചെയ്യുന്നത്.

സംസ്ഥാനത്തെ ഹരിത കേരള മിഷന്‍, ശുചിത്വ കേരള മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നാടിനൊപ്പം നന്മയ്‌ക്കൊപ്പം എന്ന പേരില്‍ വര്‍ഷം മുഴുവന്‍ പ്രദേശത്തെ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യ ശേഖരണവും മൂന്നു വര്‍ഷമായി തുടരുന്നുണ്ട്. തിരുവൈരാണിക്കുളം ഗ്രാമത്തിന്റെ വിശുദ്ധികാത്തു സൂക്ഷിക്കുന്നതിനുള്ള ക്ഷേത്ര ട്രസ്റ്റിന്റെ കര്‍മ്മ പരിപാടികളില്‍ സര്‍ക്കാര്‍ വകുപ്പുകളും നാട്ടുകാരും പങ്കാളികളാണ്.

കഴിഞ്ഞ രണ്ടു വര്‍ഷവും നടതുറപ്പ് ആഘോഷങ്ങള്‍ക്ക് ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം ക്ഷേത്ര ട്രസ്റ്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പാരിസ്ഥിതിക കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റേതടക്കമുള്ള അംഗീകാരങ്ങള്‍ലഭിച്ചിരുന്നു.

വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് സെക്രട്ടറി രാദുൽ റാം, ഭാരവാഹികളായ കെ വി മനോജ്, കെ കെ ബാലചന്ദ്രൻ, കലാധരൻ എന്നിവർ പങ്കെടുത്തു.