മഞ്ഞപ്രയിൽ നിന്ന് റബ്ബർ ഷീറ്റ് മോഷ്ടിച്ച സംഘം പിടിയിൽ

കാലടി മഞ്ഞപ്രയിലെ റബർ ഷീറ്റ് വ്യാപാര സ്ഥാപനത്തിൽ നിന്നും ആയിരം
കിലോയോളം റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. ഐരാപുരം
എടക്കുടി വീട്ടിൽ ജോൺസൻ (30), അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ബിനോയി (38), മഴുവന്നൂർ വാരിക്കാട്ട് വീട്ടിൽ ഷിജു (40) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബർ 17ന് ആണ് സംഭവം നടന്നത്. രാത്രി കാറിലെത്തിയ സംഘം
ഷീറ്റുകൾ മോഷ്ടിച്ച് ചാലക്കുടിയിലെ മൊത്തകച്ചവടക്കാർക്ക്
വിൽക്കുകയായിരുന്നു. മോഷ്ടിച്ചെടുത്ത ബൈക്കുകളിൽ പകൽ കറങ്ങിനടന്ന്
മോഷണം നടത്തേണ്ട സ്ഥലം കണ്ടു വയ്ക്കുകയും രാത്രി മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

കേരളത്തിലെ പല സ്ഥലങ്ങളിലും കറങ്ങി നടന്ന് മോഷണം നടത്തിയതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ചാലക്കുടിയിൽ നിന്ന് രണ്ടും കുന്നത്തുനാട് നിന്ന് ഒന്നും വീതം ബൈക്കുകൾ ഡിസംബറിൽ ഇവർ മോഷ്ടിച്ചിട്ടുണ്ട്. മൂവാറ്റുപുഴ,
കുറുപ്പംപടി, രാമമംഗലം, കോടനാട്, അയ്യമ്പുഴ, അങ്കമാലി സ്‌റ്റേഷനുകളിൽ
ഇവർക്കെതിരെ കേസുണ്ട്. മോഷണം നടത്തിക്കിട്ടുന്ന പണം ആർഭാട
ജീവിതത്തിനാണ് ഇവർ ചിലവഴിക്കുന്നത്. എസ്.പി യ്ക്ക് ലഭിച്ച
രഹസ്യവിവരത്തെത്തുടർന്നാണ് പ്രതികളെ പിടികൂടിയത്. പെരുമ്പാവൂർ
ഡി.വൈ.എസ്.പി കെ. ബിജുമോൻ, കാലടി ഇൻസ്പെക്ടർ എം.ബി ലത്തീഫ് , സബ്
ഇൻസ്പെക്ടർമാരായ ടി.എൽ.സ്റ്റെപ്റ്റോ ജോൺ, ടി.എ.ഡേവിസ്, പി.വി.ദേവസി,
എ.എസ്.ഐ മാരായ അബ്ദുൾ സത്താർ, ശിവൻ, എസ്.സി.പി.ഒ മാരായ മനോജ് കുമാർ, അനിൽ കുമാർ എൻ.പി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.