ട്വന്റി ട്വന്റി യെ വഞ്ചിച്ച കിഴക്കമ്പലം മുൻ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അണപൊട്ടിയൊഴുകിയത് ജനസഹസ്രങ്ങളുടെ രോഷം; ഞെട്ടിത്തരിച്ചു കോൺഗ്രസും

ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തിന് കിഴക്കമ്പലത്ത് ശക്തി കൂടിയിട്ടേയുള്ളുവെന്നു തെളിയിച്ചുകൊണ്ടാണ് ഞായറാഴ്ച്ച നടന്ന സമ്മേളനത്തിലേക്ക് കിഴക്കമ്പലത്തെ ഇരുപതിനായിരത്തോളം ജനങ്ങൾ ഒഴുകിയെത്തിയത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ജേക്കബ് ട്വന്റി ട്വന്റി പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു പുറത്തു പോയപ്പോൾ ട്വന്റി ട്വന്റിയുടെ പതനമാണെന്നു പറഞ്ഞു പരത്തിയവരൊക്കെ ഈ ജനസാഗരത്തെ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. കെ വി ജേക്കബിന്റെ രാജിയിലൂടെ കോൺഗ്രസ് പാർട്ടിയ്ക്കുണ്ടായ ആവേശവും ഇതോടെ മലർപ്പൊടിക്കാരന്റെ സ്വപനമാകുമെന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നത്.

കെ വി ജേക്കബ് ട്വന്റി ട്വന്റിയിൽ നിന്ന് പുറത്താകുന്നതിനുള്ള കാരണങ്ങൾ ഓരോന്നും തെളിവ് സഹിതം പുറത്തുവിട്ടപ്പോൾ ഉണ്ടായ ജനങ്ങളുടെ പ്രതികരണം തന്നെ അദ്ദേഹത്തോടുള്ള കിഴക്കമ്പലത്തെ ജനങ്ങളുടെ രോഷം പ്രകടമാകുന്നതായിരുന്നു. പ്രസിഡന്റ സ്ഥാനം രാജി വയ്ക്കുന്നതിന് മുൻപും രാജി വച്ചതിനു ശേഷവുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ റെക്കോർഡ് ചെയ്ത വീഡിയോകൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ രാജിക്ക് ശേഷം അദ്ദേഹം ഉന്നയിച്ച ഓരോ ആരോപണങ്ങളും പൊള്ളയായിരുന്നു എന്ന് വ്യക്തമാകുന്നതായിരുന്നു.

കോൺഗ്രസ് പാർട്ടി പഞ്ചായത്തംഗങ്ങളെ ലക്ഷങ്ങൾ കൊടുത്ത് വിലയ്‌ക്കെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയത് വേദിയിൽ വച്ച് ഒരു പഞ്ചായത്തംഗം തന്നെ വെളിപ്പെടുത്തി. കിഴക്കമ്പലം പഞ്ചായത്ത് ഭരണ സമിതിയെ അട്ടിമറിക്കാനുള്ള ഗൂഢ നീക്കം മുൻപഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ കോൺഗ്രസ് പാർട്ടി നടത്തിയിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഇതിലൂടെ ഉന്നയിച്ചിരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസ് നേതൃത്വം ഇതോടെ പ്രധിരോധത്തിലാകുമെന്ന് ഉറപ്പാണ്.

കിഴക്കമ്പലത്ത് കഴിഞ്ഞ നാല് വർഷക്കാലം ട്വന്റി ട്വന്റി നടപ്പിലാക്കിയ ഓരോ വികസനവും എണ്ണി എണ്ണി പറഞ്ഞും ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നതും വരും നാളുകളിൽ പൂർത്തീകരിക്കാൻ പോകുന്നതുമായ ഓരോ പദ്ധതികളെ കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചും ട്വന്റി ട്വന്റി ചീഫ് കോ ഓർഡിനേറ്റർ വേദിയിൽ നിന്ന് പ്രസംഗിക്കുമ്പോൾ നിലക്കാത്ത കയ്യിടയായിരുന്നു സദസ്സിൽ നിന്നും ഉയർന്നത്. കിഴക്കമ്പലത്ത് ഇൻപേഷ്യന്റ് കണ്സൾട്ടേഷനും ESI സേവനത്തോട് കൂടിയതുമായ ഒരു ആധുനിക നിലവാരത്തിലുള്ള ആശുപത്രി കൂടി ഇവിടുത്തെ ജനങ്ങൾക്കായി നിർമിക്കുമെന്ന പ്രഖ്യാപനം കൂടിയായപ്പോൾ ജനങ്ങളുടെ ആവേശം ഇരട്ടിയായി.

പൗരത്വ നിയമഭേദഗതിയുടെ പേരിൽ ട്വന്റി ട്വന്റിക്കെതിരെയും പഞ്ചായത്ത് ഭരണസമിതിക്കെതിരെയും പ്രചരിപ്പിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അവജ്ഞയോടെ തള്ളുന്നതായും സമ്മേളനം പ്രഖ്യാപിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് കിറ്റക്സ് കമ്പനിക്കെതിരെ ഉന്നയിച്ച മലിനീകരണം ഉൾപ്പടെയുള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്ന് ഈ കഴിഞ്ഞ നാല് വര്ഷം കൊണ്ട് തെളിഞ്ഞെന്നും ഒരാരോപണം പോലും രാഷ്ട്രീയ നേതാക്കൾക്ക് തെളിയിക്കാനായില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്തിന് ട്വന്റി ട്വന്റി എന്ന പ്രസ്ഥാനവുമാള്ള ബന്ധം ഒരിക്കലും വേർപെടുത്താനാവില്ലെന്നുള്ള ഉറച്ച പ്രഖ്യാപനമായി മാറുകയായിരുന്നു ഇന്ന് കിഴക്കമ്പലത്തെ ജനസാഗരം. എട്ടു മാസങ്ങൾ കഴിയുമ്പോൾ നടക്കാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്നുള്ള മറ്റു പാർട്ടികളുടെ മോഹത്തിനേറ്റ കനത്ത പ്രഹരം കൂടിയായി ഇന്നത്തെ മഹാസമ്മേളനം.