നവോത്ഥാനനായകൻ വി ടി ഭട്ടതിരിപ്പാടിനെ അനുസ്‌മരിച്ചു…

അങ്കമാലി കിടങ്ങൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വി ടി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നവോത്ഥാനനായകൻ വി ടി ഭട്ടതിരിപ്പാടിന്റെ  38 – മത്  ചരമവാർഷികം ആച രിക്കുകയുണ്ടായി.

വി ടി സ്മാരക മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ അധ്യക്ഷത നിർവഹിച്ചത്,  പ്രശസ്ത ഗ്രന്ഥകാരനും  ഗവേഷകനും നവോത്ഥാന സന്ദേശ വാഹകനുമായ  എസ് പി നമ്പൂതിരിയാണ്. വി ടി യുടെ സാഹസികവും സംഭവബഹുലവുമായ കർമ്മമണ്ഡലങ്ങളെ നേരിൽ ക്കണ്ടറിഞ്ഞ  എസ് പി നമ്പൂതിരിയുടെ അനുഭവവിവരണങ്ങൾ അക്ഷരാർത്ഥത്തിൽത്തന്നെ വി ടി സ്മരണയെ  സമ്പുഷ്ടമാക്കി. അനാചാരങ്ങളുടെ അന്ധകാരത്തിലമർന്നു  കിടന്ന  യാഥാസ്ഥിതിക നമ്പൂതിരി സമുദായത്തിൽ, അതിവിപ് ളവകരമായ പരിഷ്കരണനടപടികൾക്ക് തിരികൊളുത്താൻ കഴിഞ്ഞ വി ടി ക്ക്‌,  ഔപചാരിക വിദ്യാഭ്യാസം പോലും ഉണ്ടായിരുന്നില്ലെന്ന വസ്‌തുത അദ്ദേഹം എടുത്തു പറഞ്ഞു. “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്” എന്ന ചരിത്രം തിരുത്തിക്കുറിച്ച നാടകവും “കണ്ണീരും കിനാവും” എന്ന ഹൃദയസ്പർശിയായ അത്മകഥയും മലയാള സാഹിത്യത്തിലെ അമൂല്യരത്നങ്ങളാണെന്ന് പ്രഭാഷകൻ ചൂണ്ടിക്കാട്ടുകയുണ്ടായി.

തന്റെ ഗ്രന്ഥങ്ങളുടെയെല്ലാം കോപ്പികൾ  വി ടി സ്മാരകവായനശാലക്ക് സംഭാവന നൽകിയതോടൊപ്പം  കർമ്മനിരതമായ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വി ടി സ്മാരക ട്രസ്റ്റിൽ അംഗത്വം എടുക്കാനും എസ്‌ പി നമ്പൂതിരി  സന്നദ്ധനായി.

ഇ കെ മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ എൻ വിഷ്ണു മാസ്റ്റർ സ്വാഗതം ആശംസിച്ചു. ടി പി വേലായുധൻ മാസ്റ്റർ, എ എസ്‌ ഹരിദാസ്, കെ ജി നാരായണൻ, സി കെ വർഗീസ് എന്നിവരും യോഗത്തിൽ സംസാരിച്ചു.