ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ നവമാദ്ധ്യമ കഥപറച്ചിൽ നൂറാം ദിവസത്തിലേക്ക്

ബാലസാഹിത്യകാരനായ ഹരീഷ് ആർ നമ്പൂതിരിപ്പാട് ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ തന്റെ കഥകൾ സ്വയം റെക്കോർഡ് ചെയ്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി കേരളത്തിനകത്തും പുറത്തുമായി നിരവധി കുട്ടികളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യം കഥകൾ മാത്രം ആയിരുന്നു പതിവ്. പിന്നീട് കുട്ടിക്കവിതകൾ മറ്റുള്ളവരെക്കൊണ്ട് ചൊല്ലിച്ച് അയച്ചു തുടങ്ങി. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഹരിസാറിന്റെ രചനകൾ കൂടുതൽ ഇഷ്ടം . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കവിതകൾ അതത് ദിവസം റെക്കോർഡ് ചെയ്ത് അയക്കാറുമുണ്ട്.
നിരവധി കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും കഥകളും കവിതകളും കേട്ടിട്ട് അഭിപ്രായം അറിയിക്കുന്നു.

അദ്ധ്യാപകനായതിനാൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതുകൊണ്ട് സമയപരിമിധി മൂലം ഇപ്പോൾ രാത്രി ഏറെ വൈകിയാണ് കഥകൾ റെക്കോർഡ് ചെയ്യുക. അതോടൊപ്പം പുതിയ കഥകളും കവിതകളും രചിക്കുകയും ചെയ്യുന്നു. ഇതിനിടെ വാട്‌സ് ആപ്പ് വഴി സ്കൂളിലെ വിദ്യാർത്ഥികളുടെ സംശയനിവാരണം വരുത്തുന്നു. അദ്ധ്യാപകർക്കിടയിലും ബാലസാഹിത്യകാരൻമാർക്കിടയിലുമുള്ള സുഹൃത്തുക്കളും എല്ലാവിധ പിന്തുണയും നൽകുന്നു. കോപ്പിറൈറ്റിൻറെതായ കാരണങ്ങളാൽ മറ്റുള്ളവർ എഴുതി പ്രസിദ്ധീകരിച്ച കഥകൾ വായിക്കാറില്ല.

ആനുകാലികങ്ങളില്‍ കവിതകളും കഥകളും എഴുതാറുണ്ട്. നാൽപ്പതോളം കൃതികളുടെ കർത്താവാണ്. കുഞ്ഞിക്കവിതകള്‍, പൊന്‍കണി, പുരാണകഥകള്‍, പുരാണകഥാമാല, ഇതിഹാസകഥകള്‍, മഴമുത്ത്, ശ്രീ ഭദ്രകാളിചരിതം, മാമ്പഴം, സാഹിത്യ ക്വിസ്, ആനക്കഥകള്‍, ശിവകഥാമാല, മെഗാക്വിസ് എന്നിവ ഇവയിൽ ചിലതാണ്.

ആനയും അണ്ണാറക്കണ്ണനും, മാനും മുയലും മയിലും മനുഷ്യനും, കാക്കയും കുയിലും എല്ലാം കഥാപാത്രങ്ങളായി വരുന്നു. ഗുണപാഠങ്ങൾ നിറഞ്ഞ കഥകളാണ് മിക്കതും. നല്ല സന്ദേശങ്ങൾ രചനകളിൽ ഉണ്ടായിരിക്കും. ചിരിയും ചിന്തയും ഉണർത്തുന്ന ഈ കഥകൾ ഹരീഷ് ആർ നമ്പൂതിരിപ്പാട് പല കാലങ്ങളിലായി എഴുതിയതാണ്. മിക്കതും ബാലമാസികകളിലും വാരികകളിലും പ്രസിദ്ധീകരിച്ചതും പുസ്തക രൂപത്തിൽ ആക്കിയതുമാണ്.

ലോക്ക്ഡൗൺകാല വിനോദമായി ആരംഭിച്ച ‘കഥ പറയാം കേൾക്കൂ’ എന്ന പംക്തി കാത്തുകാത്തിരിക്കുന്ന നിരവധി കുട്ടികളുണ്ട്.

പുസ്തകപ്രകാശന രീതിയിലും ഹരീഷ് നമ്പൂതിരിപ്പാട് വേറിട്ട രീതികൾ പിന്തുടരുന്നു. ആനക്കുപ്പായം എന്ന കുട്ടിക്കവിത സാക്ഷാൽ ഗുരുവായൂർ പത്മനാഭൻ ആണ് പ്രകാശനം ചെയ്തത്. അതുപോലെ കുട്ടികൾക്കുള്ള മറ്റൊരു കഥാസമാഹാരം രണ്ട് ആനകൾ പരസ്പരം കൈമാറി പ്രകാശനം നിർവഹിച്ചു. മുടിയേറ്റ് കാളിവേഷധാരിയായ കലാകാരൻ, കഥകളി വേഷത്തിലുള്ള കലാകാരൻ മുതലായവരും ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ കൂത്താട്ടുകുളത്തിനടുത്ത് കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയില്‍ കെ ആര്‍ രാമന്‍ നമ്പൂതിരിപ്പാടും നളിനി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. അഞ്ചല്‍പ്പെട്ടി എസ് എം യു പി എസ്, ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍, മണിമലക്കുന്ന് ഗവ. കോളേജ്, മട്ടാഞ്ചേരി തിരുമല ദേവസ്വം റ്റി റ്റി ഐ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇപ്പോൾ രാമമംഗലം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.

ഭാര്യ സൗമ്യ ഹരീഷ്, മകന്‍ അഭിനവ് എച്ച് നമ്പൂതിരിപ്പാട് എന്നിവർക്കൊപ്പം കൂത്താട്ടുകുളം കാക്കൂര്‍ കാഞ്ഞിരപ്പിള്ളി മനയിൽ താമസിക്കുന്നു.